അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു

അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു









ഇരിട്ടി: സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടൽ  ഭീഷണി നേരിടുന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള  ശ്രമം ആരംഭിച്ചു. ഇതിനായി  വ്യക്‌തികളുടെയും സംഘടനകളുടെയും സഹായം തേടാനും സുമനസ്സുകളെ നേരിട്ടു സമീപിക്കാനും ഇരിട്ടി നഗരസഭാ കനിവ് കിഡ്‌നി പേഷ്യൻ്റ്സ് വെൽഫെയർ സൊസൈറ്റിയുടെ അടിയന്തര നിർവഹണ സമിതി യോഗം തീരുമാനിച്ചു. നടത്തിപ്പിനുള്ള  പണം കണ്ടെത്താനാകാത്തത് മൂലം ജീവനക്കാരുടെ 2 മാസത്തെ വേതനം മുടങ്ങുകയും  ഡയാലിസിസ് യൂണിറ്റിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാവുകയും ചെയ്ത അവസ്ഥയിലാണ്. 
   ഇരിട്ടി താലൂക്ക് ആശുപത്രിയിൽ 2019 മെയ് 20 നാണ് ജനകീയ സഹകരണത്തോടെ ഫണ്ട് സമാഹരിച്ച്   ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം  ആരംഭിച്ചത്. ഇപ്പോൾ   2 ഷിഫ്റ്റിലായി 36 പേർക്കാണ് ഡയാലിസിസ് നൽകുന്നത്. 3-ാം ഷിഫ്റ്റും കൂടി തുടങ്ങി 18 പേർക്കു കൂടി അവസരം ലഭ്യമാക്കാൻ സാഹചര്യം ഉണ്ടെങ്കിലും 2 ഷിഫ്റ്റ് തന്നെ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനു പുറമേ  256 പേർ ഡയാലിസിസിനായി അപേക്ഷ നൽകി കാത്തിരിപ്പുണ്ട്.
 ഡയാലിസിസ് സെന്റ്ററിൻ്റെ നടത്തിപ്പിനായി ഇരിട്ടി നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കനിവ് കിഡ്‌നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി വിവിധ പദ്ധതികൾക്ക് രൂപം നൽകി. മേഖലയിലെ വിദ്യാലയങ്ങൾ, കോളജുകൾ, കുടുംബശ്രീ യൂണിറ്റുകൾ, വ്യാപാര സ്‌ഥാപനങ്ങൾ, സുമനസ്സുകൾ എന്നിവരെ നേരിൽ കണ്ടു ഫണ്ട് സമാഹരണം നടത്തും. സമ്മാനക്കൂപ്പൺ പദ്ധതി നടപ്പാക്കും. കൂടുതൽ ആളുകളെ സൊസൈറ്റി അംഗങ്ങളാക്കി പ്രവേശന ഫീസും വരിസംഖ്യയും വഴി വരുമാന വർധന ഉറപ്പാക്കും. സ്‌കൂളുകളിലും കൂടുതൽ വ്യാപാര, ധനകാര്യ, സർക്കാർ സ്‌ഥാപനങ്ങളിൽ സംഭാവന ബോക്സ് വയ്ക്കും. സന്നദ്ധ സംഘടനകളുടെ സഹായവും തേടും. 2 ഷിഫ്റ്റ് പ്രവർത്തിപ്പിക്കാൻ 96 ലക്ഷം രൂപയോളമാണ് ഒരു  വർഷം വേണ്ടത്. നഗരസഭയുടെ തനതുഫണ്ടും താലൂക്ക് ആശുപത്രി സഹകരണം വഴിയും ലഭിക്കുന്നതിനു പുറമേ വർഷം 20 ലക്ഷം രൂപയോളം സൊസൈറ്റി ജനകീയമായി കണ്ടെത്തണം.
കൂടുതൽ ഫണ്ട് സമാഹരിച്ചു 3 -ാം ഷിഫ്റ്റും കൂടി ലക്ഷ്യം വയ്ക്കാനും സൊസൈറ്റി യോഗം തീരുമാനിച്ചു. ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത  അധ്യക്ഷത വഹിച്ചു. സ്ഥിരം  സമിതി അധ്യക്ഷ കെ.സോയ, വെൽഫെയർ സൊസൈറ്റി സെക്രട്ടറി അയൂബ് പൊയിലൻ, ആശുപത്രി സൂപ്രണ്ട് ഡോ. എം. രാജേഷ്, ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് നഴ്‌സ് മേരി പീറ്റർ, സൊസൈറ്റി നിർവാഹക സമിതി അംഗങ്ങളായ തോമസ് വർഗീസ്, ബാബുരാജ് ഉളിക്കൽ, സി.വി.എം. വിജയൻ, എൻ.വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 
എസ്ബിഐ ഇരിട്ടി ശാഖ മുഖേന സംഭാവനകൾ അയക്കാം: കനിവ് കിഡ്‌നി പേഷ്യൻ്റ്സ് വെൽഫെയർ സൊസൈറ്റി, അക്കൗണ്ട് നമ്പർ: 40789435811, ഐഎഫ്എസ്‌സി കോഡ്: എസ്ബിഐഎൻ 0017063.