ഇരിട്ടി എടക്കാനം റിവർവ്യൂ പോയിന്റിൽ നടന്ന അക്രമണം : ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ

ഇരിട്ടി എടക്കാനം റിവർവ്യൂ പോയിന്റിൽ  നടന്ന  അക്രമണം :  ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ







ഇരിട്ടി: എടക്കാനം റിവർവ്യൂ പോയിന്റിൽ കഴിഞ്ഞ 13 ന് നടന്ന അക്രമണ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ.  കാക്കയങ്ങാട് പാലപ്പുഴ സ്വദേശിയും സി പി എം പ്രവർത്തകനുമായ പുതിയ പുരയിൽ ഗോപകുമാർ (39) നെയാണ് ഇരിട്ടി  ഇൻസ്പെക്ടർ എ.കുട്ടിക്കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ  സംഘം അറസ്റ്റു ചെയ്തത്. ഇതോടെ 15 പ്രതികളുള്ള  എടക്കാനം അക്രമണ സംഭവത്തിൽ  അറസ്റ്റിലായവരുടെ എണ്ണം നാലായി. സൈബർസെല്ലിന്റെ സഹായത്തോടെ ഇരിട്ടി പോലീസ് നടത്തുന്ന അന്വേഷണങ്ങൾക്കിടയിലാണ് നാലാമത്തെ പ്രതിയും അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ഗോപകുമാറിനെ എടക്കാനത്ത് എത്തിച്ച് തിരിച്ചറിയൽ നടപടികൾ പൂർത്തി യാക്കിയശേഷമാണ് അറസ്റ്റ് രേഖപെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇരിട്ടി, മുഴക്കുന്ന്, വൈത്തിരി പോലീസ്സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഗോപകുമാറെന്ന്  പോലീസ്  അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ  അറസ്റ്റിലായ സി പി എം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെ മൂന്നു പേർ റിമാൻ്റിലാണ്.  കണ്ടാൽ അറിയാവുന്ന 12 പേർ ഉൾപെടെ  15 പേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പു പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് പോലീസ്  കേസെടുത്തിരുന്നത്. ഇതിനിടെ റിവർവ്യൂ പോയിൻ്റ് അക്രമണ കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ  ഇരിട്ടി പോലീസ്  ആരംഭിച്ചു.  ഇതു സംബന്ധിച്ച് പോലീസ്  തിങ്കളാഴ്ച  കോടതിയിൽ റിപ്പോർട്ടു നൽകുമെന്നാണ് അറിയുന്നത് .
സി പി എം കാക്കയങ്ങാട് ലോക്കൽ കമ്മറ്റി അംഗവും പാലപ്പുഴ കൂടലാട് ബ്രാഞ്ച് സെക്രട്ടറിയുമായ ദേവാർ ഹൗസിൽ എ. രഞ്ജിത്ത്  (32), സി പി എം പ്രവർത്തകരായ മുഴക്കുന്ന് ഗ്രാമം ഗുണ്ടികയിലെ കൈമടയൻ ഹൗസിൽ  അക്ഷയ് (25), കാക്കയങ്ങാട് പടിഞ്ഞാറെക്കണ്ടി പിടാങ്ങോട് സ്വദേശി അരൂട്ടി എന്ന അരുൺ (33), കാക്കയങ്ങാട് പാലപ്പുഴ പുതിയപുരയിൽ ഗോപകുമാർ (49) എന്നിവർക്കെതിരെയാണ് കാപ്പ നിയമപ്രകാരം കേസെടുക്കാനുള്ള നടപടി ആരംഭിച്ചത്.
  എടയന്നൂർ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ്  വധകേസിലെ രണ്ടാം പ്രതിയും കാക്കയങ്ങാട് പാലപ്പുഴ സ്വദേശി ദീപ് ചന്ദ് (34) ആണ് എടക്കാനം അക്രമ കേസിലെ ഒന്നാം പ്രതി. മുഴക്കുന്ന് കായപ്പനച്ചി സ്വദേശിയും സി പി എം പ്രവർത്തകനുമായ അട്ടാപ്പി എന്ന ശ്രീലാൽ (24), കാക്കയങ്ങാട് പാലപ്പുഴ കൂടലാട് സ്വദേശിയും സി പി എം പ്രവർത്തകനുമായ സുജീഷ് (23) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
കാപ്പ കേസ് ചുമത്തുന്നതിനൊപ്പം കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ദീപ് ചന്ദിൻ്റെ നിലവിലുള്ള ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്കും പോലീസ് നീങ്ങുമെന്നാണ് വിവരം. 
 ദീപ് ചന്ദ് ഉൾപ്പെടെയുള്ള 11 പ്രതികൾ ഒളിവിലാണ്. ഇവർ കർണ്ണാടകയിലേക്ക് കടന്നതായാണ് പോലീസ്  നിഗമനം. കർണ്ണാടക പോലീസിന്റെ  സഹകരണവും ഉറപ്പു വരുത്തി ഇവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായും പ്രതികൾ ഉടൻ പിടിയിലാകുമെന്നും  ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടികൃഷണൻ പറഞ്ഞു.
https://chat.whatsapp.com/JHsHVycbH3N6gjUodySeAz