നടുക്കടലില്‍ കഴിഞ്ഞത് നാല് ദിവസം, പിന്നെ അത്ഭുതകരമായ രക്ഷപ്പെടല്‍, പഴയ വീഡിയോ വീണ്ടും വൈറൽ

നടുക്കടലില്‍ കഴിഞ്ഞത് നാല് ദിവസം, പിന്നെ അത്ഭുതകരമായ രക്ഷപ്പെടല്‍, പഴയ വീഡിയോ വീണ്ടും വൈറൽ


ചില ജീവിതങ്ങൾ അങ്ങനെയാണ്. ഇടയ്ക്കിടയ്ക്ക് അപ്രതീക്ഷിതമായി അത് നമ്മളെ ഓര്‍പ്പിച്ച് കൊണ്ടേയിരിക്കും. അത്തരത്തിലൊന്നായിരുന്നു പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാനസ് ജില്ലയിലെ നാരായണപൂര്‍ സ്വദേശിയായ രവീന്ദ്രനാഥ് ദാസിന്‍റെ രക്ഷപ്പെടല്‍. ഇനി ഉറ്റവരുടെ അടുത്തേക്ക് ഒരു മടങ്ങിപ്പോക്ക് സാധ്യമല്ലെന്ന് കരുതിയ ഇടത്ത് നിന്നും, മരണ മുഖത്ത് നിന്നും ജീവിതത്തിലേക്കായിരുന്നു രവീന്ദ്രദാസ് നീന്തിക്കയറിയത്. അതും ആറ് വർഷങ്ങൾക്ക് മുമ്പ്.</p><p>2019 ജൂലൈ 6 -നായിരുന്നു രവീന്ദ്രനാഥ് ദാസും സംഘവും മീന്‍ പിടിക്കാനായി ബംഗാൾ ഉൾക്കടലിലേക്ക് പോയത്. കല്‍ക്കത്തയില്‍ നിന്നും ഏതാണ്ട് 88 കിലോമീറ്റര്‍ ദൂരെ, മറ്റ് 15 പേരുമൊപ്പം നയൻ എന്ന ട്രോളർ ബോട്ടില്‍ നിന്നും അവര്‍ വലവിരിച്ചു. പക്ഷേ, കാലാവസ്ഥ പ്രതികൂലമായിരുന്നു അതിശക്തമായ കാറ്റില്‍ ബോട്ട് തകർന്നു. കടലിലേക്ക് തെറിച്ച് വീണ രവീന്ദ്രനാഥിന് ഒരു പലക കക്ഷ്ണം കിട്ടി. അതില്‍ അള്ളിപ്പിടിച്ച് നോക്കിയപ്പോഴാണ് കൂടെയുണ്ടായിരുന്നവരില്‍ 10 പേരോളം ബോട്ടിന്‍റെ തകര്‍ന്ന മുളങ്കമ്പില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്. പിന്നീട് ജൂലൈ 16 വരെ രവീന്ദ്രനാഥിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. അവരെല്ലാവരും മരിച്ചതായി കരയിലുള്ളവര്‍ കരുതി.10 -ാം തിയതിയാണ് ബംഗ്ലാദേശിന്‍റെ ചരക്ക് കപ്പലായ എംവി ജവാദ് , ഒഡീഷയിലെ ധമ്രയിൽ ചരക്ക് കയറ്റി ചിറ്റഗോംഗ് തുറമുഖത്തേക്ക് അതുവഴി പോയത്. കടലില്‍ ഒഴുകി നടക്കുന്നയാളെ കണ്ട് അവര്‍ കപ്പലില്‍ നിന്നും ലൈഫ് ബോയ് എറിഞ്ഞ് കൊടുത്തു. പക്ഷേ, കടലിലെ തിരകളില്‍ ബോയും രവീന്ദ്രനാഥും അകന്ന് പോയി. വീണ്ടുമൊരു ലൈഫ് ബോയ് കപ്പലില്‍ നിന്നും കടലിലേക്ക് എറിഞ്ഞു. ഇത്തവണ രാവീന്ദ്രനാഥ് അത് എത്തിപ്പിടിച്ചു. പിന്നാലെ കപ്പലിലേക്ക്. അടിയന്തര സുശ്രുഷയ്ക്ക് ശേഷം രവീന്ദ്രനാഥ് പറഞ്ഞത്. കപ്പല്‍ കാണുന്നതിന് ഏതാണ്ട് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ തന്‍റെ അനന്തരവൻ നിമായിയും ഒപ്പമുണ്ടായിരുന്നെന്ന്. പക്ഷേ, കണ്ണെത്താത്ത ദൂരത്തോളം കിടക്കുന്ന കടലില്‍ മറ്റൊരു ജീവന്‍ കണ്ടെത്താന്‍ അവര്‍ക്കായില്ല. ഒടുവില്‍ രവീന്ദ്രനാഥുമായി കരയിലേക്ക് തിരിച്ചു.വര്‍ഷം ആറ് കഴിഞ്ഞിരിക്കുന്നു. മറ്റൊരു ജൂണ്‍ 10 -ാം തിയതി, സമൂഹ മാധ്യമങ്ങളില്‍ ആ പഴയ വൈറല്‍ വീഡിയോ വീണ്ടും കയറിവന്നു. വീണ്ടും ആ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ ലോകം മുഴുവനും വൈറലായി. മരിച്ചെന്ന് കരുതിയ 15 പേരില്‍ നിന്നുമൊരാൾ അത്ഭുതകരമായി ജീവിതത്തിലേക്ക് തരിച്ച് കയറിയിരിക്കുന്നു. ജീവിത്തിലേക്ക് തിരിച്ച് കയറിയ രവീന്ദ്രനാഥ് ദാസിന് നാട്ടുകാര്‍ പുതിയ പേരും നല്‍കി, റോബിന്‍സണ്‍ ക്രൂസോ.