സനാ: ഇന്നത്തെ ദിവസം അതിനിര്‍ണ്ണായകം. നിമിഷപ്രിയയ്ക്ക് മോചനമുണ്ടാകുമോ എന്ന് ഇന്ന് അറിയാം. യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തില്‍ ചര്‍ച്ച ചൊവ്വാഴ്ചയും തുടരും. ഗോത്ര നേതാക്കളുമായും തലാലിന്റെ കുടുംബങ്ങളുമായുള്ള ചര്‍ച്ച നടത്തും. ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം ഉത്തര യമനിലെ ദമാറില്‍ തന്നെ തുടരുകയാണ്.
ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു. മാപ്പ് നല്‍കുന്നതില്‍ കുടുംബത്തിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഏകാഭിപ്രായത്തിലേക്കെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഷയത്തില്‍ കാ്ന്തപുരം ഇടപെട്ടത്. ചര്‍ച്ചയില്‍ പുരോഗതിയുള്ളതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. കാന്തപുരത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
തെക്കന്‍ യെമനിലെ ഗോത്രകേന്ദ്രത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുത്തത്. ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷപ്രിയയ്ക്കു മാപ്പ് നല്‍കണമെന്നാണ് ചര്‍ച്ചയില്‍ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. ഇന്നലെ നടന്ന ചര്‍ച്ചയില്‍ കുടുംബം അനുകൂല പ്രതികരണമൊന്നും നടത്തിയില്ല. ചര്‍ച്ച ഇന്നും തുടരുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. യെമനില്‍ രാഷ്ട്രീയസംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍തലത്തിലുള്ള ഇടപെടലുകള്‍ ഫലപ്രദമാകാത്ത സാഹചര്യമാണുള്ളത്. വിഷയം ഇന്നലെ സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ യെമന്‍ സര്‍ക്കാരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെന്നും വധശിക്ഷ നീട്ടിവെയ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ഈ വാദം തുടരുന്ന സമയത്തും നിമിഷപ്രിയയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജൂലായ് 14 തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന്റെ പങ്ക് വിശദീകരിക്കുകയായിരുന്നു അറ്റോര്‍ണി ജനറല്‍. ''ഈ കേസില്‍ ഇടപെടാനുള്ള സര്‍ക്കാരിന് പരിമതികള്‍ ഉണ്ട്. യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്രബന്ധമില്ല, അതിനാല്‍ തന്നെ അവിടെ ഇന്ത്യയ്ക്ക് ഒരു സ്ഥാനപതി കാര്യാലയവും ഇല്ല. ഇക്കാരണത്താല്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ ഇന്ത്യയ്ക്ക് പരിമിതകള്‍ ഉണ്ട്.''- അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി സുപ്രീംകോടതിയെ അറിയിച്ചു.
ആഭ്യന്തരയുദ്ധം കൊണ്ട് കലുഷിതമായ യെമനില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പോലും ബുദ്ധിമുട്ടാണെന്നും നിമിഷ പ്രിയ കേസില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് സന്ദീപ് മേത്ത നയിക്കുന്ന ബെഞ്ചിന് മുന്‍പാകെ വെങ്കട്ട് രമണി ബോധിപ്പിച്ചു. കൊലചെയ്യപ്പെട്ട യെമന്‍ പൗരനായ തലാലിന്റെ കുടുംബം ദിയാധനം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ ആവശ്യപ്പെട്ട ബ്ലഡ് മണി നല്‍കി കേസ് അവസാനിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.സനയിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ ജൂലായ് 16 ചൊവ്വാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വധശിക്ഷ നീട്ടിക്കിട്ടാന്‍ വേണ്ടി പരമാവധി ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
കേസില്‍ സുപ്രീംകോടതി ഇനി ജൂലായ് 18ന് വാദം തുടരും. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്ര ഇടപെടല്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് സുപ്രീംകോടതിയെ ഹര്‍ജിയുമായി സമീപിച്ചത്. ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ചാനലുകള്‍ ഉപയോഗപ്പെടുത്തി നിമിഷപ്രിയയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.