ജോർജ്ജിയ: ഫിഡെ വനിതാലോക ചെസ് ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ പ്രവേശിച്ചു. കൊനേരു ഹംപിയും ദിവ്യ ദേശ്മുഖുമാണ് സെമി ഫൈനലിലേക്ക് യോ​ഗ്യത നേടിയത്. സെമിയിൽ രണ്ടുപേരും ഏറ്റുമുട്ടുന്നത് ചൈനീസ് താരങ്ങളോടാണ് എന്നതും ടൂർണമെന്റിന്റെ മറ്റൊരു പ്രത്യേകതയാണ്. ‌

സെമിയിൽ ചൈനയുടെ ലെ ടിംഗ്ജിയെ ആണ് കൊനേരു ഹംപി നേരിടുന്നത്. ചൈനീസ് താരമായ ടാൻ സോംഗിയോടാണ് ദിവ്യ ദേശ്മുഖ് സെമിയിൽ ഏറ്റുമുട്ടുക. ഈ നാലുപേരിൽ മൂന്നുപേർക്ക് അടുത്ത വർഷം നടക്കുന്ന കാൻഡിഡേറ്റ് ടൂർണ്ണമെൻറിൽ പങ്കെടുക്കാനാകും. സെമിയിൽ ജയിക്കുന്ന രണ്ടുപേർക്ക് പുറമേ, പരാജയപ്പെടുന്നവർ തമ്മിൽ നടക്കുന്ന മത്സരത്തിൽ വിജയിയാകുന്ന താരത്തിനും കാൻഡിഡേറ്റ് ടൂർണമെന്റിൽ പങ്കെടുക്കാം. കാൻഡിഡേറ്റ് ടൂർണമെന്റിൽ വിജയിക്കുന്ന താരം ഇപ്പോഴത്തെ ലോക ചാമ്പ്യനായ ചൈനക്കാരി ജു വെൻജുനുമായി ഏറ്റുമുട്ടും. ഈ മത്സരത്തിൽ വിജയിക്കുന്ന താരത്തിനാണ് ലോക ചെസ് കിരീടം ലഭിക്കുക.

ഇന്ത്യയുടെ തന്നെ ഹരിക ദ്രോണാവല്ലിയെയാണ് ദിവ്യദേശ്മുഖ് ക്വാർട്ടർഫൈനലിൽ നേരിട്ടത്. ഹരികയെ 2-0ന് ഏകപക്ഷീയമായി തോൽപിച്ചാണ് ദിവ്യ ദേശ്മുഖ് സെമിയിൽ കടന്നത്. നേരത്തെ ലോക ജൂനിയർ ചാമ്പ്യനായിരുന്നു ദിവ്യ ദേശ്മുഖ്. വെറും 19 വയസ്സുള്ള ദിവ്യ ദേശ്മുഖ് ഇന്ത്യയ്‌ക്ക് മുതൽക്കൂട്ടാണ്. ലോക വനിതാ ചെസ്സിൽ ഇത്രയും ചെറിയ പ്രായത്തിൽ സെമിയിൽ പ്രവേശിക്കുക എന്ന അപൂർവ്വ നേട്ടമാണ് ദിവ്യ ദേശ്മുഖ് സ്വന്തമാക്കിയത്. മഹാരാഷ്‌ട്രയിലെ നാഗ് പൂർ സ്വദേശിയാണ് ദിവ്യ ദേശ് മുഖ്. ചെസ്സിൽ റാപിഡും ബ്ലിറ്റ്സും ക്ലാസിക് ചെസും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ്. ലോകറാങ്കിംഗ് 908 ആണ്. ഇന്ത്യയുടെ 21ാം വനിതാ ഗ്രാൻറ് മാസ്റ്ററാണ്. 2021ലാണ് ഇവർ ഗ്രാൻറ് മാസ്റ്റർ പട്ടം നേടിയത്. 2500 ആണ് കൗമാരതാരത്തിന്റെ ഇഎൽഒ റേറ്റിംഗ്. ജൂണിൽ ലണ്ടനിൽ നടന്ന ലോക ബ്ലിറ്റ്സ് ചെസ്സിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ ഹൂ യിഫാനെ അട്ടമറിച്ച ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചിരുന്നു.

നേരത്തെ ചൈനയുടെ യുക്സിൻ സോംഗിനെ 1.5-0.5 പോയിൻറുകൾക്ക് തോൽപിച്ച് കൊനേരു ഹംപി സെമിയിൽ കടന്നിരുന്നു. പലരെയും അട്ടിമറിച്ചാണ് ഈ ടൂർണ്ണമെൻറിൽ യുക്സിൻ സോംഗ് ക്വാർട്ടർ വരെ എത്തിയത്. പക്ഷെ അവരെ അനായാസം കൊനേരു ഹംപി മറികടന്നു. സെമിയിൽ കടന്ന മറ്റ് രണ്ട് പേർ ചൈനക്കാരാണ്. ഈ ടൂർണ്ണമെൻറിൽ അപാരഫോമിലാണ് കൊനേരു ഹംപി. അനായാസമാണ് അവർ സെമിയിൽ കടന്നത്. ആന്ധ്ര സ്വദേശിനിയായ കൊനേരു ഹംപി ഒഎൻജിസിയിൽ ജോലി ചെയ്യുകയാണ്. ലോക റാങ്കിംഗിൽ 399ാം സ്ഥാനക്കാരിയാണ് കൊനേരു ഹംപി.