പിഴയടച്ചില്ലെങ്കില്‍ വണ്ടി പിടിക്കും, സൂക്ഷിക്കാന്‍ സ്വകാര്യ വ്യക്തിക്ക് നല്‍കും; പുതിയ ഐഡിയയുമായി MVD

പിഴയടച്ചില്ലെങ്കില്‍ വണ്ടി പിടിക്കും, സൂക്ഷിക്കാന്‍ സ്വകാര്യ വ്യക്തിക്ക് നല്‍കും; പുതിയ ഐഡിയയുമായി MVD



 തിരുവനന്തപുരം : നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് സൂക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടുകെട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നതും, പിഴ അടയ്ക്കാന്‍ തയാറാകാത്തതുമായ വാഹനങ്ങളും പിടിച്ചെടുക്കും. മോട്ടോര്‍വാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പോലീസ് സ്റ്റേഷനുകളിലും ഇവ സൂക്ഷിക്കുന്നതില്‍ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനാണ് ഈ നീക്കം.

മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് വാഹന കണ്ടുകെട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാം. ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണം. സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കണം. വാഹന പരിശോധനയ്ക്കിടയില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് കൈമാറും. ഓഫീസില്‍ നിന്നും പിഴ അടച്ച രസീതുമായി വന്ന് വാഹനം തിരികെ കൈപ്പറ്റാം. വാഹനം സൂക്ഷിക്കുന്നതിന് നിശ്ചിത തുക വാഹന ഉടമയില്‍ നിന്നും ഈടാക്കും.

തിരുവനന്തപുരം ഈഞ്ചയ്ക്കലില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് മോട്ടോര്‍വാഹന വകുപ്പ് ഈ രീതിയില്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തത് തടസമായിരുന്നു. എഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിന് ശേഷം നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തപ്പെടുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്.

ഇതില്‍ 30 ശതമാനത്തോളം വാഹനങ്ങള്‍ പിഴ ഒടുക്കാന്‍ തയാറാകാതെ കുറ്റം ആവര്‍ത്തിക്കുന്നുണ്ട്. കഴക്കൂട്ടം രജിസ്ട്രേഷനിലുള്ള ഒരു ഇരുചക്രവാഹനത്തിന് 13.39 ലക്ഷം രൂപ വരെ പിഴ കുടിശ്ശികയുണ്ട്. 20-ല്‍ അധികം കേസുകളുള്ള കാല്‍ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇവ പിടിച്ചെടുത്തിരുന്നില്ല.

യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഫിറ്റനസ് ഇല്ലാത്ത ടാക്സി വാഹനങ്ങളുടെ യാത്രയും തടയേണ്ടതുണ്ട്. പെര്‍മിറ്റും ഫിറ്റ്നസും ഇല്ലാത്ത ഓട്ടോറിക്ഷകളും, സാങ്കേതിക പോരായ്മയുള്ള സ്വകാര്യ ബസുകളും നിരത്തിലുണ്ട്. കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ ഉടന്‍ ഇവയും പിടിച്ചെടുക്കാനാണ് തീരുമാനം. അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും പിഴ ഒടുക്കിയില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കും. ഇതോടെ പിഴ, നികുതി കുടിശ്ശിക ഗണ്യമായി കുറയ്ക്കാനാകുമെന്ന നിഗമനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്.