കാട്ടാനശല്യം: ആറളം ഫാം പുനരധിവാസ മേഖലയിലെ പരിപ്പുതോട് - കോട്ടപ്പാറ റോഡിൽ രാത്രി - പുലർ കാല യാത്രാ നിരോധനം ഏർപ്പെടുത്തി



കാട്ടാനശല്യം: ആറളം ഫാം പുനരധിവാസ മേഖലയിലെ  പരിപ്പുതോട് - കോട്ടപ്പാറ റോഡിൽ രാത്രി -  പുലർ കാല  യാത്രാ നിരോധനം ഏർപ്പെടുത്തി












ഇരിട്ടി: കാട്ടാനശല്യം ഏറെക്കൂടുതൽ അനുഭവപ്പെടുന്ന ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ കൂടി കടന്നുപോകുന്ന പരിപ്പുതോട് - കോട്ടപ്പാറ 2 കിലോമീറ്റർ ദുരം വരുന്ന റോഡിൽ രാത്രിയും പുലർച്ചെയും ഉള്ള യാത്രാ നിരോധനം ഏർപ്പെടുത്തി കലക്‌ടർ ഉത്തരവിറക്കി. ദുരന്ത നിവാരണ അധികാരം വിനിയോഗിച്ചാണ് കലക്ടർ അരുൺ കെ വിജയൻ ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.  വൈകിട്ട് 5 മുതൽ രാവിലെ 7 വരെയാണ് യാത്രാനിരോധനത്തിന് ശുപാർശയുള്ളത്.
ആറളം പുനരധിവാസ മേഖലയിൽ പരിപ്പുതോട്, കോട്ടപ്പാറ മേഖലകളിൽ കാട്ടാനശല്യം അതിശക്തമാണെന്നു കഴിഞ്ഞ മാസം 26 ലെ ജില്ലാതല സമിതിയിൽ വനം വകുപ്പ് റിപ്പോർട്ട് ചെയ്തതും 28 നു സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ റൂറൽ ഡിവൈഎസ്‌പി നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് നടപടി. ദുരന്തം ഉണ്ടാവാതിരിക്കാനും പ്രദേശവാസികളുടെ ജീവനും മുൻഗണന നൽകിയും ഉള്ള ഉത്തരവ് വനം വകുപ്പ്, പൊലീസ്, ആറളം ഫാം അധികൃതർ, ഐടിഡിപി എന്നിവർ ചേർന്നു കർശനമായി നടപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ (രോഗാവസ്‌ഥ, അടിയന്തര സാഹചര്യങ്ങൾ) മാത്രം പോലീസ് അനുമതിയോടെ യാത്ര അനുവദിക്കും. ആറളം ഫാമിലെ 11, 13 ബ്ലോക്ക് നിവാസികൾ ജോലിക്ക് പോകാനും മറ്റുമായി ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചും നടന്നും പുലർച്ചെയും രാത്രിയും ഈ വഴി യാത്ര ചെയ്യുന്നത്‌  പതിവാണെന്നും 2 മാസം മുൻപ് പുലർച്ചെ ജോലിക്ക് പോയ ആദിവാസി ദമ്പതികളെ കാട്ടാന ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.
ആറളം പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലും കാട്ടാനശല്യം ശക്തമാണ്. 30 - 40 ആനകൾ പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലുമായി തമ്പടിച്ചിട്ടുണ്ടെന്നാണ് കണക്ക്. പരിപ്പുതോട്, കോട്ടപ്പാറ പ്രദേശങ്ങൾ ആറളം വന്യജീവി സങ്കേതത്തോട് ഏറ്റവും ചേർന്നുകിടക്കുന്ന മേഖലയാണ്. ഭൂരിഭാഗം പ്രദേശങ്ങളും കാട് പിടിച്ചു വനതുല്യമായി കിടക്കുന്നതിനാലും ഏറ്റവും കൂടുതൽ കാട്ടാന സാന്നിധ്യം ഈ മേഖലയിലാണ്. കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്നു മിക്ക കുടുംബങ്ങളും വീട് ഉപേക്ഷിച്ച് മാറിത്താമസിക്കുകയും ചെയ്തു. താമസക്കാർ കുറവാണെങ്കിലും വളയംചാൽ മേഖലയിൽ ഉളളവർക്കു കീഴ്പ്‌പള്ളി ടൗണിലേക്കുള്ള എളുപ്പ വഴി എന്ന നിലയിലാണ് പ്രദേശവാസികൾ ഈ റോഡ്  ഉപയോഗിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 14 പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടത്. ഫാം കൃഷിയിടത്തിൽ മാത്രം 91.28 കോടി രൂപയുടെ കൃഷിനാശവും ഉണ്ടായി. 
ഇതേസമയം കാട്ടാനശല്യത്തിനു ശാശ്വത പരിഹാരം ഉറപ്പുവരുത്തേണ്ട അധികൃതർ യാത്രാവിലക്ക് കൂടി ഏർപ്പെടുത്തി പ്രദേശവാസികളുടെ ദുരിതം വർധിപ്പിക്കുന്നതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.