കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് കുപ്പിയിൽ മൂത്രം കലർത്തി നൽകി; പ്യൂൺ അറസ്റ്റിൽ; സംഭവം ഒഡിഷയിലെ സർക്കാർ ഓഫീസിൽ

കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് കുപ്പിയിൽ മൂത്രം കലർത്തി നൽകി; പ്യൂൺ അറസ്റ്റിൽ; സംഭവം ഒഡിഷയിലെ സർക്കാർ ഓഫീസിൽ


<p>ഭുവനേശ്വർ: കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് മൂത്രം കുപ്പിയിലാക്കി നൽകിയ അറ്റൻ്ററെ അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗുജപതി ജില്ലയിലെ റൂറൽ വാട്ടർ സപ്ലൈ ആൻ്റ് സാനിറ്റേഷൻ ഓഫീസിലാണ് സംഭവം. ഓഫീസിലെ അറ്റൻ്റർ ശിവ നാരായൺ നായകിനെ ഉദയഗിരി പൊലീസ് അറസ്റ്റ് ചെയ്തു. ഓഫീസിലെ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സച്ചിൻ ഗൗഡയുടെ പരാതിയിലാണ് പൊലീസ് നടപടി.</p><p>ഇക്കഴിഞ്ഞ ജൂലൈ 23 നാണ് സംഭവം നടന്നത്. ഓഫീസ് അടയ്ക്കേണ്ട സമയം കഴിഞ്ഞും ഇരുവരും ജോലി ചെയ്യുന്നതിനിടെയാണിത്. സചിൻ ഗൗഡയാണ് ശിവ നാരായൺ നായകിനോട് കുടിക്കാൻ വെള്ളം ചോദിച്ചത്. ഓഫീസിൽ വെളിച്ചം കുറവായിരുന്നു. ഈ സമയത്ത് ജോലിത്തിരക്കിലായിരുന്നു സച്ചിൻ. ശിവ നാരായൺ കുപ്പിയിലാക്കി കൊണ്ടുവന്ന വെള്ളം കുടിച്ച ശേഷമാണ് സച്ചിന് സംശയം തോന്നിയത്.</p><p>പിന്നീട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥൻ ബെർഹംപുറിലെ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കുപ്പി വെള്ളത്തിൻ്റെ സാംപിൾ ലാബിൽ പരിശോധിച്ചപ്പോഴാണ് ഇതിൽ മൂത്രം കലർന്നതായി മനസിലായത്. പിന്നാലെ പൊലീസിൽ പരാതിയും നൽകി.</p><p>തനിക്കൊപ്പം ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും ഈ വെള്ളം കുടിച്ചിരുന്നുവെന്നും അവർക്കും ഇതിൽ സംശയം തോന്നിയെന്നും സച്ചിൻ പരാതിയിൽ ആരോപിക്കുന്നു. ശിവ നാരായൺ എന്തിനാണ് ഇത് ചെയ്‌തതെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.