പിറ്റ് എൻ ഡി പി എസ് ആക്റ്റ് പ്രകാരം തില്ലങ്കേരി സ്വദേശി അറസ്റ്റിൽ

പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം ജില്ലയിലെ ആദ്യ അറസ്റ്റ് മുഴക്കുന്നിൽ















ഇരിട്ടി: പിറ്റ് എൻ ഡി പി എസ് ആക്റ്റ് പ്രകാരം തില്ലങ്കേരി സ്വദേശി അറസ്റ്റിൽ.  നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച തില്ലങ്കേരി സ്വദേശി കിഴക്കേ വീട്ടിൽ  കെ. വി. ജിനീഷ് (34) ആണ്  പ്രിവേൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്  നർകോടിക്ക്  ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്  സബ്സ്റ്റൻസ് ആക്ട് പ്രകാരംഅറസ്റ്റിലായത്. മുഴക്കുന്ന് പോലീസ് ഇൻസ്‌പെക്ടർ എ. വി. ദിനേശ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇയാളെ  കരുതൽ തടങ്കലിൽ പാർപ്പിക്കാൻ അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടതിനെ തുടർന്നാണ് അറസ്റ്റ് . 
ചീഫ് സിക്രട്ടറിയുടെ  ഉത്തരവുപ്രകാരം ജിനീഷിനെ വെള്ളിയാഴ്ച  കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൽ ഐപിഎസ്,  പേരാവൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എം.പി. ആസാദ് എന്നിവരുടെ നിർദ്ദേശപ്രകാരം  മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. ഉത്തരവ് പ്രകാരം ജിനീഷിനെ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കും.  പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യമായാണ് ഒരാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.