പഴയങ്ങാടിയിൽ മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം; വൈകിയത് മൂന്ന് ട്രെയിനുകൾ, ഒടുവിൽ കസ്റ്റഡിയിൽ

പഴയങ്ങാടിയിൽ മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം; വൈകിയത് മൂന്ന് ട്രെയിനുകൾ, ഒടുവിൽ കസ്റ്റഡിയിൽ


കണ്ണൂർ: കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പിടിച്ചുമാറ്റാനെത്തിയവരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത് ആർ പി എഫിന് കൈമാറി.ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ ഇരുപ്പുറപ്പിച്ച പ്രതിയെ ആദ്യം കണ്ടത് ട്രാക്കിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ. മാറാൻ പറഞ്ഞവരോട് അസഭ്യം പറഞ്ഞും കല്ലെറിയാൻ ശ്രമിച്ചും പരാക്രമം. പിന്നാലെ ആത്മഹത്യ ഭീഷണി. മദ്യലഹരിയിലായിരുന്ന ഇയാളെ പഴയങ്ങാടി പോലീസെത്തി പിടിച്ചുമാറ്റി. ഈ സമയത്തിനിടെ മൂന്ന് ട്രെയിനുകൾ വൈകി. ഒരു ഗുഡ്സ് ട്രെയിനും രണ്ട് പാസഞ്ചർ ട്രെയിനുകളും സ്റ്റേഷനു സമീപം പിടിച്ചിട്ടു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉളളതായി പോലീസ് പറഞ്ഞു. കണ്ണൂരിൽ നിന്നെത്തിയ ആർ പി എഫ് സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിൻ തടഞ്ഞതടക്കമുളള വകുപ്പുകൾ ചുമത്തി കേസെടുത്തു