മൂന്ന് മക്കളെ തുണി കൊണ്ട് ചേർത്ത് കെട്ടി അമ്മ കനാലിൽ ചാടി; ആരെയും രക്ഷിക്കാനായില്ല, പൊലിഞ്ഞത് നാല് ജീവൻ
<p>ലഖ്നൌ: ഉത്തർപ്രദേശിൽ യുവതി മൂന്ന് മക്കളെയുമെടുത്ത് കനാലിൽ ചാടി മരിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ റിസൗറ ഗ്രാമത്തിലാണ് ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് യുവതി മൂന്ന് മക്കളോടൊപ്പം കനാലിലേക്ക് ചാടിയത്. റീന, മക്കളായ ഹിമാൻഷു (9), അൻഷി (5), പ്രിൻസ് (3) എന്നിവരാണ് മരിച്ചത്.</p><p>വെള്ളിയാഴ്ച രാത്രി റീനയും ഭർത്താവ് അഖിലേഷും തമ്മിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ശനിയാഴ്ച ആരോടും പറയാതെ കുട്ടികളെയും കൂടെ കൂട്ടി റീന വീട് വിട്ടു. നാല് പേരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ ആരംഭിച്ചു. കനാലിന്റെ കരയിൽ നിന്ന് ഇവരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചെരിപ്പുകൾ, മറ്റ് സാധനങ്ങൾ എന്നിവ കണ്ടെത്തിയതോടെ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.</p><p>കനാലിൽ ചാടിയതാണെന്ന സംശയത്തെ തുടർന്ന് പൊലീസ് മുങ്ങൽ വിദഗ്ധരെ ഇറക്കി. ഒടുവിൽ നാല് പേരുടെയും മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.</p><p>കനാലിലെ ജലനിരപ്പ് കുറച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ആറ് മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തുണികൊണ്ട് റീനയുടെ ശരീരത്തിൽ മക്കളെ കെട്ടിയ നിലയിലായിരുന്നുവെന്ന് ബന്ദ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ശിവ് രാജ് പറഞ്ഞു. റീനയുടെ ഭർത്താവ് അഖിലേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.</p><p><strong>(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)