നാണക്കേട്! ശക്തികേന്ദ്രത്തിൽ ബിജെപി സ്ഥാനാർഥിക്ക് പൂജ്യം വോട്ട്, ജയം കോൺഗ്രസിന്

നാണക്കേട്! ശക്തികേന്ദ്രത്തിൽ ബിജെപി സ്ഥാനാർഥിക്ക് പൂജ്യം വോട്ട്, ജയം കോൺഗ്രസിന്


മംഗളൂരു: കർണാടകയിലെ വാർഡ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നാണംകെട്ട തോൽവി. ബിജെപിയുടെ ശക്തികേന്ദ്രമായ തീരദേശ കർണാടകയിൽ സ്വന്തം സ്ഥാനാർത്ഥിക്ക് ഒരുവോട്ട് പോലും ലഭിച്ചില്ല. കഡബ ടൗൺ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ബിജെപി അപൂർവ പരാജയം ഏറ്റുവാങ്ങിയത്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വാർഡ് നമ്പർ 1 കലറയിലെ ബിജെപി സ്ഥാനാർത്ഥി പ്രേമയാണ് ഒരുവോട്ട് പോലും നേടാനാകാതെ തോറ്റത്. വാർഡിൽ ആകെ പോൾ ചെയ്ത 418 വോട്ടുകളിൽ ഒരു വോട്ട് പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല. കോൺഗ്രസ് സ്ഥാനാർത്ഥി തമന്ന ജബീൻ 201 വോട്ടുകൾ നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി ജൈനാബി ആദാമിനെ 62 വോട്ടുകൾക്കാണ് തമന്ന പരാജയപ്പെടുത്തിയത്. എസ്ഡിപിഐ സ്ഥാനാർത്ഥി 74 വോട്ടുകൾ നേടി. ബിസിഎ (സ്ത്രീ) സംവരണം ചെയ്ത വാർഡിൽ നാല് സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. ബുധനാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്.&nbsp;</p><p>ഒന്നാം വാർഡിലെ വോട്ടറല്ലാത്ത പ്രേമ, താൻ താമസിക്കുന്ന ആറാം വാർഡിലും മത്സരിച്ചിരുന്നു. അവിടെയും ഇവർ പരാജയപ്പെട്ടു. 177 വോട്ടുകൾ നേടിയ അവർ 314 വോട്ടുകൾ നേടിയ കോൺഗ്രസിന്റെ നീലാവതി ശിവറാം എംഎസിനോട് പരാജയപ്പെട്ടു. ഒന്നാം വാർഡിലെ പൂജ്യം വോട്ട് ഫലത്തിന് കാരണം പ്രദേശത്തെ മുസ്ലീം ഭൂരിപക്ഷ ജനസംഖ്യയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രം​ഗത്തെത്തി. നാമനിർദ്ദേശത്തിന് ശേഷം സ്വതന്ത്ര സ്ഥാനാർത്ഥി ജൈനാബി ആദാമിനെ പിന്തുണയ്ക്കാൻ പ്രാദേശിക മണ്ഡല യൂണിറ്റ് തീരുമാനിച്ചതിനാലാണ് ഔദ്യോ​ഗിക ബിജെപി സ്ഥാനാർഥിക്ക് പൂജ്യം വോട്ട് കിട്ടിയതെന്ന് ദക്ഷിണ കന്നഡ ബിജെപി പ്രസിഡന്റ് സതീഷ് കുമാപ, പറഞ്ഞു.&nbsp;</p><p>പ്രേമയുടെ ബൂത്ത് പ്രസിഡന്റും രണ്ട് നിർദ്ദേശകർ പോലും അവർക്കെതിരെ വോട്ട് ചെയ്തതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ഹരീഷ് കുമാർ ചൂണ്ടിക്കാട്ടി. ബിജെപി നേതൃത്വമാണ് നാണക്കേടിന് ഉത്തരവാദിയെന്ന് മുൻ ജില്ലാ പഞ്ചായത്ത് അംഗം എംഎസ് മുഹമ്മദ് ആരോപിച്ചു. ഗ്രാമപഞ്ചായത്തിൽ നിന്ന് കഡബ ടൗൺ പഞ്ചായത്തിനെ അപ്‌ഗ്രേഡ് ചെയ്തതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 13 സീറ്റുകളിൽ 8 എണ്ണം നേടി കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി, ബിജെപി 5 സീറ്റുകൾ നേടി.