പി എം ശ്രീ; വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നൈറ്റ് മാർച്ച്, 1000 വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലോങ്ങ് മാർച്ച്; പ്രതിഷേധം കടുപ്പിക്കാൻ KSU
പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കെഎസ്‌യു. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തും. ചൊവ്വാഴ്ച നിയോജക മണ്ഡലം തലത്തിൽ സ്റ്റുഡന്റ് വാക്ക് നടത്തും. പത്തനംതിട്ടയിൽ ചേർന്ന ക്യാമ്പസ് എക്സിക്യൂട്ടീവിൽ ആണ് തീരുമാനം. ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും തീരുമാനമായി.
പദ്ധതിക്കെതിരെ ആയിരം വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലോങ്ങ് മാർച്ചും കെഎസ്‌യു സംഘടിപ്പിക്കും. അതേസമയം കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രി വി ശിവൻ കുട്ടിയുടെയും കോലം കത്തിച്ചു. അതേസമയം പദ്ധതിക്കെതിരെ സിപിഐ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. വിദ്യാഭ്യാസമന്ത്രിയുടെ ചുവടുമാറ്റം മുന്നണി മര്യാദയുടെ ലംഘനമെന്ന് ജനയുഗത്തിൽ എഡിറ്റോറിയലിൽ വിമർശനം ഉണ്ടായി.
പിഎം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടു സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, CPIM ജനറൽ സെക്രട്ടറി എംഎ ബേബിയുമായി കൂടിക്കാഴ്ച നടത്തും. പിഎം ശ്രീ പദ്ധതിയും ദേശീയ വിദ്യാഭ്യാസ നയവും രണ്ടാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തെറ്റാണെന്ന് സിപിഐ എക്‌സിക്യൂട്ടിവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു.

