
ക്വലാലംപൂർ: 47-ാമത് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിക്ക് മലേഷ്യയിലെ ക്വാലാലംപൂരിൽ ഞായറാഴ്ച തുടക്കമായി. “ഉൾപ്പെടുത്തലും സുസ്ഥിരതയും” എന്ന പ്രമേയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലേക്ക് പോകില്ല, പകരം ഇന്ന് നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ വെർച്വലായി അദ്ദേഹം പങ്കെടുക്കും. വ്യാഴാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രധാനമന്ത്രി മോദി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ഒരു സംഭാഷണം നടത്തിയതായും മലേഷ്യ ആസിയാൻ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിൽ അദ്ദേഹത്തെ അഭിനന്ദിച്ചതായും പറഞ്ഞു.
കൂടാതെ വരാനിരിക്കുന്ന ഉച്ചകോടികളുടെ വിജയത്തിനായി പ്രധാനമന്ത്രി തന്റെ ആശംസകൾ അറിയിക്കുകയും ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള തന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 26 മുതൽ 28 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ ആസിയാൻ അംഗരാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെയും യുഎസ്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, മറ്റ് പ്രധാന പങ്കാളികൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ആതിഥേയത്വം വഹിക്കും.
ആസിയാൻ എന്നറിയപ്പെടുന്ന അസോസിയേഷന്റെ 10 അംഗരാജ്യങ്ങളിൽ നിന്നുള്ള 30-ലധികം രാഷ്‌ട്രത്തലവന്മാരെയും ഗവൺമെന്റ് തലവന്മാരെയും ക്ഷണിച്ചിട്ടുണ്ട്. ബ്ലോക്കിന് പുറത്തുനിന്നുള്ള ക്ഷണിതാക്കളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉൾപ്പെടുന്നു.
ഞായറാഴ്ച ആരംഭിച്ച് ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കുന്ന യോഗങ്ങളുടെ സുരക്ഷയ്‌ക്കായി മലേഷ്യൻ തലസ്ഥാനത്ത് 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
