'വിവരക്കേട് കാണിക്കേണ്ടത് കുഞ്ഞുങ്ങളോട് അല്ലല്ലോ'; മലപ്പുറത്ത് 5 വയസുകാരനെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവം, നിയമനടപടിയുമായി മുന്നോട്ടെന്ന് കുടുംബം
മലപ്പുറം: മലപ്പുറം ചേലേമ്പ്രയിൽ ഫീസടക്കാൻ വൈകിയതിന് കുഞ്ഞിനെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവത്തിൽ എ.എൽ.പി സ്കൂൾ അധികൃതരോട് വിദ്യഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിശദീകരണം തേടി. ഫീസ് കുടിശിക ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസിൽ കയറ്റാതിരുന്നിട്ടില്ലെന്നും സ്കൂൾ അധികൃതർ മറുപടി നൽകി. കുഞ്ഞിനൊപ്പം ഉണ്ടായിരുന്നവർ സ്വമേധയാ പിൻമാറുകയായിരുന്നുവെന്നും സ്കൂൾ മാനേജ്മെന്റ് വിശദീകരണം നൽകി. എന്നാൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കുഞ്ഞിൻ്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്രയുമായിട്ടും കുഞ്ഞിനുണ്ടായ വിഷമം പരിഹരിക്കാൻ ഒരു നടപടിയും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇനി ഒരു ഒത്തുതീർപ്പിനുമില്ലെന്നും നീതി കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും അമ്മ പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകും. കുടിശിക ആയിരം രൂപ കൊടുത്തിട്ടുണ്ട്. ഇനി കുട്ടിയെ ഈ സ്കൂളിലേക്ക് വിടുന്നില്ലെന്നും പറഞ്ഞു.