ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ 3 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഇരിട്ടി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ
തൃശൂർ :സവാള കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഏകദേശം മൂന്ന് കോടി രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം കൊരട്ടിയിൽ പോലീസ് പിടികൂടി. സംഭവത്തിൽ ഇരിട്ടി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
3,76,500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 750 പാക്കറ്റുകൾ വീതമുള്ള 502 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉൽപ്പന്നങ്ങൾക്ക് ഏകദേശം 11 ടണ്ണോളം തൂക്കമുണ്ട്. പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച അശോക് ലെയ്ലാൻഡ് ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി ടെൽസൺ ബാബു (36), ഇരിട്ടി ആറളം സ്വദേശി സൈബ് (33) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് പുകയില ഉൽപ്പന്നങ്ങൾ കയറ്റി എറണാകുളം ജില്ലയിലെ കാലടിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി നാരായണൻ ടി. ഐ.പി.എസ്. നൽകിയ നിർദേശപ്രകാരം ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്.യുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻശേഖരം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈ.എസ്.പി ജെ. കുര്യാക്കോസിന്റെയും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എസ്. പ്രദീപിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കൊരട്ടി ദേശീയപാതയിൽ ലോറി തടഞ്ഞ് പരിശോധിച്ചത്.
സവാള ചാക്കുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ. കേരളത്തിൽ എത്തിച്ച് പലമടങ്ങ് വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക വിവരം.
ബെംഗളൂരുവിൽ നിന്ന് എറണാകുളം കാലടിയിലേക്ക് സവാള എത്തിക്കുന്നതിൻ്റെ മറവിലാണ് പ്രതികൾ ലഹരിവസ്തുക്കൾ കടത്തിയത്. മധ്യകേരളത്തിൽ അടുത്തകാലത്ത് നടക്കുന്ന ഏറ്റവും വലിയ പുകയില ഉത്പന്ന വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി. ലഹരി ഉത്പന്നങ്ങളുടെ ഉറവിടം, കടത്തുസംഘത്തിലെ മറ്റ് കണ്ണികൾ, വിതരണ ശൃംഖല എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെയും മുതലുകളെയും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
