ഭാര്യയെ സംശയം വിവാഹമോചനത്തിന് മതിയായ കാരണം: ഹെെക്കോടതി
കൊച്ചി: ഭാര്യയെ നിരന്തരം സംശയിക്കുകയും നിരീക്ഷിക്കുകയും നിർബന്ധിച്ച് ജോലി രാജിവയ്‌പ്പിക്കുകയും ചെയ്‌ത ഭർത്താവിന്റെ നടപടി വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹ ജീവിതത്തിന്റെ ആത്മാവ്. സംശയാലുവായ പങ്കാളി, ദാമ്പത്യജീവിതം നരകതുല്യമാക്കുമെന്നും യുവതിക്ക് വിവാഹമോചനം അനുവദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ദാമ്പത്യത്തിൽ അകാരണമായ ചോദ്യംചെയ്യൽ പങ്കാളിയുടെ മനസ്സമാധാനം തകർക്കും. ഇത് വിവാഹമോചന നിയമത്തിൽ നിർവചിക്കുന്ന ക്രൂരതയായി കണക്കാക്കാമെന്നും വ്യക്തമാക്കി.
ഹർജിക്കാരി ഉന്നയിക്കുന്ന കാര്യങ്ങൾക്ക് തെളിവുകളില്ലെന്ന കാരണത്താൽ കുടുംബകോടതി വിവാഹമോചനം നിരസിച്ചതോടെയാണ് ഹെെക്കോടതിയെ സമീപിച്ചത്. യുവതിയെ അവിശ്വസിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങളിൽ രേഖാമൂലമുള്ള തെളിവുകൾ ആവശ്യപ്പെടുന്നത് യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്നും വിലയിരുത്തിയാണ് വിവാഹമോചനം അനുവദിച്ചത്.

