ഗവേഷക വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന കേസ്; റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്, വിദേശ പര്യടനത്തിന് പോകാൻ അനുമതി
കൊച്ചിഗവേഷക വിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിൽ റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്. സംസ്ഥാനം വിട്ടുപോകരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം തുടങ്ങിയ ജാമ്യ വ്യവസ്ഥകളിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. രാജ്യം വിട്ടുപോകുമ്പോൾ പൊലീസിനെ അറിയിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും ഉത്തരവിലുണ്ട്. വിദേശ പര്യടനത്തിന് പോകുന്നതിനായിട്ടാണ് വേടൻ എന്ന ഹിരൺ ദാസ് മുരളി ജാമ്യ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്.</p><p>തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് റാപ്പർ വേടന്റെ വാദം. അതിൽ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം. കേസും തിരക്കുമെല്ലാം കഴിഞ്ഞു വിശദമായി എല്ലാം സംസാരിക്കാമെന്നും വേടൻ അറിയിച്ചു. വിവാഹ വാഗ്ദാനം നൽകി ഗവേഷക വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു വേടന് എതിരായ കേസ്. എന്നാൽ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.