വടകരയിൽ നിന്നും മൈസൂരുവിലേക്ക് പെരുമ്പാടി ചുരം വഴി പോവുകയായിരുന്ന മലയാളി വ്യവസായിയുടെ കാർ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും കവർന്നു

വടകരയിൽ നിന്നും മൈസൂരുവിലേക്ക് പെരുമ്പാടി ചുരം വഴി പോവുകയായിരുന്ന മലയാളി വ്യവസായിയുടെ കാർ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും കവർന്നു







ഇരിട്ടി : വടകരയിൽ നിന്നും മൈസൂരുവിലേക്ക് പെരുമ്പാടി ചുരം വഴി  പോവുകയായിരുന്ന മലയാളി വ്യവസായിയുടെ കാർ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും കവർന്നു.   പെരുമ്പാടിക്കും ഗോണിക്കൊപ്പക്കും ഇടയിൽ വെച്ചായിരുന്നു  അക്രമം.  പെരുമ്പാടി - ഹുൻസൂർ വഴി മൈസൂരിലേക്ക് പോകുകയായിരുന്ന വടകര സ്വദേശി അബ്ബാസിനെയാണ് പിന്തുടർന്ന് എത്തിയ അക്രമി സംഘം  കാർ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ട്  തലക്കടിച്ചു വീഴ്ത്തി പണവും മൊബൈലും കവറുകയായിരുന്നു.  
 ബുധനാഴ്ച രാവിലെ 11.30 ഓടെ  ആയിരുന്നു സംഭവം.  മഹാരാഷ്ട്ര റെജിസ്‌ട്രേഷൻ കാറിൽ എത്തിയ സംഘം മാതാ പെട്രോൾ പമ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലതുവെച്ച് കാർ തടഞ്ഞു നിർത്തുകയായിരുന്നു.  പണം ആവശ്യപ്പെട്ട അക്രമിസംഘം അബ്ബാസ്  വാഹനത്തിന്റെ ഗ്ലാസ് കയറ്റാൻ ശ്രമിക്കുന്നതിനിടെ   അക്രമികളിൽ ഒരാൾ വടികൊണ്ട്   തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റയുടനെ തലകറക്കം അനുഭവപ്പെട്ട അബ്ബാസിനെ വഴിയിൽ ഉപേക്ഷിച്ചു അബ്ബാസിന്റെ കാറും  പണവും ഫോണുമായി കടന്നുകളയുക ആയിരുന്നു. തലയിൽ നിന്നും രക്തംവാർന്ന് അൽപ്പനേരം റോഡിൽ കിടന്ന അബ്ബാസ് അതുവഴിയെത്തിയ ഒരു പിക്കപ്പ് വാൻ കൈകാട്ടി നിർത്തി ഇവരുടെ ഫോണിൽ നിന്നും നാട്ടിലെ ബന്ധുവിനെ വിളിക്കുകയായിരുന്നു. ജിപിഎസ് സംവിധാനം ഉണ്ടായിരുന്നതിനാൽ കാർ ഓഫാക്കുകയും ഇതോടെ അക്രമിസംഘം കാർ ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്തു.   ഇതിനിടയിൽ  അക്രമി സംഘത്തിലെ   ഒരാൾ പൊന്നംപേട്ട ഗോണിക്കോപ്പ റോഡിൽ   പോലീസിന്റെ  പിടിയിലായി.  മറ്റു  പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു .
 കേരളത്തിൽ  ഹോട്ടൽ - ടെക്ടൈൽസ് വ്യാപാരം നടത്തിവന്നിരുന്ന അബ്ബാസ്  ദീപാവലി ആവശ്യങ്ങൾക്കായി കടയിലേക്ക് സാധങ്ങൾ വാങ്ങാനായി മൈസുരുവിലേക്ക് പോകുകയായിരുന്നു. തലക്ക് പരിക്കേറ്റ അബാസിനെ പിക്കപ്പ് വാനിലാണ്  ഗോണിക്കൊപ്പയിലെ ഗവ.ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയത് . ഗോണിക്കൊപ്പ പോലീസ് ഓഫീസർ പ്രദീപ് കുമാർ , വീരാജ്‌പേട്ട ക്രൈം പോലീസ് ഓഫിസർ വി.എസ്. വാണി, പൊന്നംപേട്ട ക്രൈം പോലീസ് ഓഫിസർ ജി. നവീൻ എന്നവരുടെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘം അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു .

വ്യാഴാഴ്ച പുലർച്ചെയും കുടക് ജില്ലയിൽ മറ്റൊരു  മലയാളിക്ക് നേരെയും   ഹൈവേ പിടിച്ചുപറി സംഘം അക്രമം നടത്തി .  പെരുമ്പാടിക്ക് സമീപത്തുവെച്ചായിരുന്നു അക്രമം. വ്യാഴാഴ്ച പുലർച്ചെ   കൂത്തുപറമ്പ് സ്വദേശിയായ റാഡിഷ് (30) ആണ് കാറിൽ സഞ്ചരിക്കവേ  ആക്രമിക്കപ്പെട്ടത് . ആക്രമണത്തിൽ പരിക്കേറ്റ റാഡിഷ് വിരാജ്‌പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര സ്വദേശി അക്രമിച്ച് കൊള്ളയടിച്ചതിന് പിന്നാലെയായിരുന്നു ഈ  അക്രമണവും. തുടർച്ചയായ ആക്രമണ സംഭവങ്ങൾ അരങ്ങേറിയതോടെ പ്രതികളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്  വിരാജ്‌പേട്ട പോലീസ്.