മുട്ടുമടക്കാതെ വീര്യം ചോരാതെ 266 ദിവസം, രാപ്പകൽ സമരം അവസാനിപ്പിച്ച് ആശമാർ; ജില്ലാതലത്തിലേക്ക് മാറ്റാൻ തീരുമാനം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസം നീണ്ട രാപകൽ സമരം അവസാനിപ്പിച്ച് ആശ പ്രവർത്തകർ. സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തിൽ പോരാട്ടം തുടരാനാണ് തീരുമാനം. വിജയമുദ്രാവാക്യങ്ങൾ കൊണ്ട് കെട്ടഴിച്ച സമരപ്പന്തൽ. പിന്മാറാതെ, മുട്ടുമടക്കാതെ, വീര്യം ചോരാതെ 266 നാൾ തുടർന്ന പോരാട്ടവേദിയിൽ നിന്ന് ആശമാരുടെ മടക്കം. പ്രതിജ്ഞാ റാലിയോടെയായിരുന്നു രാപകൽ സമരാവസാനം. രമേശ് ചെന്നിത്തല,കെ. കെ. രമ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി എംഎൽഎമാരും നേതാക്കളുമെത്തി.പായസം വെച്ചാണ് ആശമാർ പന്തലഴിച്ച് പിരിഞ്ഞത്. അധിക്ഷേപങ്ങളും പൊലീസ് നടപടികളും ഉൾപ്പെടെ തടസ്സങ്ങളേറെക്കേണ്ട സമരമായിരുന്നു ഇത്. മുടിമുറിക്കലുൾപ്പെടെ കടുത്ത സമരരീതികൾ. ഒടുവിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആയിരം രൂപ ഓണറേറിയം കൂട്ടിയ സർക്കാർ തീരുമാനം വിജയമായി കണ്ടാണ് ആശമാരുടെ മടക്കം. ജില്ലാ തലത്തിൽ സമരം തുടരുമെന്ന് ആശമാർ അറിയിച്ചു. അടിസ്ഥാന വിഭാഗത്തോടുളള സമീപനവും അവകാശ പോരാട്ടങ്ങളോടുളള ഇരട്ടത്താപ്പും ചോദ്യം ചെയ്ത് കൂടിയാണ് ആശമാർ തത്കാലം പിൻവാങ്ങുന്നത്.