
കട ബാധ്യത കാരണം സ്വന്തം വീടും കാറും ഉൾപ്പെടെ സമ്മാന കൂപ്പണിൽ ഉൾപ്പെടുത്തി വിൽപ്പന നടത്തുന്ന കേളകം അടക്കാത്തോട് സ്വദേശിയായ കാട്ടുപാലം ബെന്നി തോമസിന്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഡിസംബർ 20 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയ പാരീഷ് ഹാളിൽ നടക്കും. 1500 രൂപയുടെ സമ്മാന കൂപ്പൺ അടിച്ചാൽ 3300 ചതുരശ്ര അടിയുള്ള വീടും 24 സെന്റ് സ്ഥലവും ഒന്നാം സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം യൂസ്ഡ് താറും മൂന്നാം സമ്മാനം സെലേറിയ കാറും നാലാം സമ്മാനമായി ബുള്ളറ്റുമാണ് ലഭിക്കുക.
കട ബാധ്യതയിൽ നിന്ന് കര കയറാനും ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനുമാണ് ബെന്നി തോമസ് സമ്മാന കൂപ്പൺ ഇറക്കിയത്. നിലവിൽ ബാങ്കിൽ അടക്കേണ്ട മുഴുവൻ തുകയും അടച്ചു കഴിഞ്ഞതായും സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ബെന്നി തോമസ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പാണ് കട ബാധ്യത കാരണം ബെന്നി തോമസ് സ്വന്തം വീടും കാറും ഉൾപ്പെടെ 1500 രൂപയുടെ സമ്മാന കൂപ്പണിൽ ഉൾപ്പെടുത്തി വിൽപ്പന നടത്താൻ തീരുമാനിച്ചത്. നേരത്തെ നറുക്കെടുപ്പ് തിയ്യതി നിശ്ചയിച്ചിരുന്നുവെങ്കിലും കൂപ്പൺ വിൽപ്പന പൂർത്തിയാകാത്തതിനാലാണ് നറുക്കെടുപ്പ് മാറ്റി വെച്ചത്. ഡിസംബർ 20 ന് നടത്തുന്ന നറുക്കെടുപ്പ് ലൈവ് സ്ട്രീമിങ് നടത്തും. ഇനി കുറച്ചു കൂപ്പൺ ബാക്കിയുണ്ടെന്നും അവൻ ഡിസംബർ 19 അർദ്ധരാത്രി 12 മണി വരെ വിൽപ്പന നടത്തുമെന്നും ബെന്നി തോമസ് പറഞ്ഞു.
