കൂത്തുപറമ്പ്: പിണറായി പഞ്ചായത്തിലെ ഓലായിക്കരയിൽ ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനിലേക്ക് മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥിയുടെ കാറിനു നേരേ അക്രമം. എസ്ഡിപിഐ ഓലായിക്കര ബ്രാഞ്ച് സെക്രട്ടറി കെ.പി.അഷറഫിന്റെ ഭാര്യ കെ.സി. നൗഷീനയുടെ കാറിന്റെ ചില്ലുകൾ തകർത്തു.
എസ്ഡിപിഐയുടെ പോഷക സംഘടനയായ വുമൺ ഇന്ത്യാ മൂവ്മെന്റിന്റെ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റാണ് നൗഷീന. കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നൗഷീന പാട്യം ഡിവിഷനിൽ എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ഇടവഴി ഇന്റർലോക്ക് ചെയ്യുന്നതിന്റെ ഭാഗമായി വീടിനോട് ചേർന്നുള്ള റോഡ് സൈഡിൽ വാഹനം നിർത്തിയിട്ട് രാത്രി ഏഴോടെ അഷറഫും കുടുംബവും പുറത്തുപോയ സമയത്താണ് കാറിന്റെ പിൻഭാഗത്തെ ചില്ലുകൾ അടിച്ചു തകർത്തത്.
രാത്രി 9.30 ഓടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അഞ്ചുവർഷങ്ങൾക്ക് മുമ്പ് അഷറഫിന്റെ വീടിന് നേരേ ബോംബെറിഞ്ഞിരുന്നു.വിവരമറിഞ്ഞ ഉടൻ പിണറായി പോലീസ് സ്ഥലത്തെത്തി.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൗഷീന പിണറായി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

