കടുവയെ കണ്ടെത്താൻ വനം വകുപ്പ്സ്ഥാപിച്ച മൂന്ന് ക്യാമറകൾ മോഷണം പോയി
ഇരിട്ടി : വനംവകുപ്പ് ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താൻ വാണിയപ്പാറയിലെ പുല്ലൻപാറ തട്ട് മേഖലയിൽ സ്ഥാപിച്ച മൂന്ന് ക്യാമറകൾ മോഷണം പോയി.
കൊട്ടിയൂർ റെയ്ഞ്ച് ഇരിട്ടി സെക്ഷൻ പരിധിയിൽ വരുന്ന പാറക്കാമല ഭാഗത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ നൽകിയ പരാതിയെ തുടർന്നാണ് വാണിയപ്പാറ പുല്ലമ്പാറതട്ട് ഭാഗത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്.
പുല്ലൻപാറ തട്ട് ഭാഗത്തുള്ള സമ്പത്ത് ക്രഷറിന് സമീപത്തെ പാറമടയ്ക്ക് സമീപം സ്ഥാപിച്ച 25,000 രൂപ വിലയുള്ള മൂന്ന് ക്യാമറ ട്രാപ്പുകളാണ് മോഷണം പോയത്.
ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടാഴ്ച മുൻപ് മേഖലയിൽ പശുവിന്റെ പാതി ഭക്ഷിച്ച ഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പട്ടിയെയും അജ്ഞാത ജീവി പിടിച്ചിരുന്നു. കടുവ മേഖലയിലുണ്ടെന്ന് നാട്ടുകാർ പലതവണ പരാതിപ്പെട്ടിരുന്നു.
പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയ വനപാലക സംഘത്തെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ചു. നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ക്യാമറ സ്ഥാപിച്ചത്. ക്യാമറയിൽ പതിഞ്ഞാൽ കൂട് സ്ഥാപിച്ച് പിടിക്കാമെന്ന ഉറപ്പും നൽകിയിരുന്നു. ഇതിനിടയിലാണ് ക്യാമറ കളവുപോയത്.
