ഇന്ത്യയുടെ ആന്റി റാബിസ് വാക്സിൻ വ്യാജമെന്ന് ആസ്ട്രേലിയയുടെ മുന്നറിയിപ്;വെല്ലുവിളിച്ച് വാക്സിൻ നിർമാതാവ്

ഇന്ത്യയുടെ ആന്റി റാബിസ് വാക്സിൻ വ്യാജമെന്ന് ആസ്ട്രേലിയയുടെ മുന്നറിയിപ്;വെല്ലുവിളിച്ച് വാക്സിൻ നിർമാതാവ്






മെൽബൺ: ഇന്ത്യയിൽ നിർമിക്കുന്ന 'അഭയറാബ്' എന്ന ആന്റി റാബിസ് വാക്‌സിൻ വ്യാജമെന്ന മുന്നറിയിപ്പുമായി ആസ്ട്രേലിയ. 2023 നവംബർ മുതൽ ഇന്ത്യയിൽ പ്രചരിക്കുന്ന ആന്റി റാബിസ് വാക്സിനുകളുടെ 'വ്യാജ ബാച്ചുകൾ' സംബന്ധിച്ച ആസ്ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷനും (എ.ടി.എ.ജി.ഐ) വിക്ടോറിയ ആരോഗ്യ വകുപ്പുമാണ് മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യയിലായിരിക്കുമ്പോൾ ഈ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് റാബിസ് വൈറസ് ബാധിക്കാനോ അതിൽനിന്ന് പൂർണമായി സംരക്ഷിക്കപ്പെടാതിരിക്കാനോ ഉള്ള സാധ്യതയുണ്ടെന്നും കൂടാതെ ആസ്ട്രേലിയയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റാബിസ് വാക്സിൻ ഉപയോഗിച്ചവർ പകരം ഡോസുകൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് ശിപാർശ ചെയ്യുന്നു.
2023 നവംബർ 1 മുതൽ ഇന്ത്യയിൽ അഭയറാബിന്റെ ഒന്നോ അതിലധികമോ ഡോസുകൾ സ്വീകരിച്ചവരോ ഒരു അജ്ഞാത റാബിസ് വാക്‌സിൻ ബ്രാൻഡ് സ്വീകരിച്ചവരോ ആരോഗ്യ സംരക്ഷണ ദാതാവിനെ/ഡോക്ടറെ കാണാനും നിർദേശിക്കുന്നു.

എന്നാൽ, ഈ മുന്നറിയിപ്പിനെ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ വാക്‌സിൻ നിർമാതാവായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് (ഐ.ഐ.എൽ) വെല്ലുവിളിക്കുകയാണ് ചെയ്തത്. മുന്നറിയിപ്പ് നോട്ടീസ് പുനഃപരിശോധിക്കാൻ ആസ്ട്രേലിയൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.