.
പഴശ്ശി ഡാമിൽ നിന്നും 15 മുതൽ ജലശേചനത്തിനായി കനാലുകളിലേക്ക് വെള്ളം തുറന്നു വിടും
മട്ടന്നൂർ : കുടിവെള്ളത്തിനും
വേനൽക്കാല കാർഷിക ജലസേചനത്തിനും സജ്ജമായി പഴശ്ശി ഡാം. 26.52 മീറ്റർ നിരപ്പിൽ ഡാമിൽ വെള്ളമുണ്ട്. 15 മുതൽ ജലസേചനത്തിനായി കനാലുകളിലേക്ക് വെള്ളം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. വെളിയമ്പ്ര
ഡാമിൽനിന്ന് ആദ്യം പറശ്ശിനിക്കടവ്
മെയിൻ കനാലിലേക്കാണ് വെള്ളം ഒഴുക്കിവിടുക. തുടർന്ന് മാഹി കനാലിലേക്കും കൈക്കാനലുകൾ വഴിയും കൃഷിയാവശ്യത്തിനുള്ള വെള്ളം തുറന്നുവിടും.
കഴിഞ്ഞവർഷങ്ങളിൽ
സംസ്ഥാന ബജറ്റിൽ അനുവദിച്ച 40 കോടിരൂപ വിനിയോഗിച്ചാണ് കനാലുകൾ നവീകരിച്ച് വെള്ളംഒഴുക്കാൻ തുടങ്ങിയത്. തകർന്ന കനാലുകളും കൈക്കനാലും നവീകരിച്ചും വൃത്തിയാക്കിയും മൂന്നുവർഷമായി കൃഷിയാവശ്യത്തിനും കൂടി വെള്ളമെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു
അധികൃതർ. പഴശ്ശി പദ്ധതിയുടെ കേടായ ഷട്ടറുകൾ പുനഃസ്ഥാപിച്ചും ചോർച്ച അടച്ചും നടത്തിയ നീക്കങ്ങൾ വഴി കനാലുകൾ വഴി വെള്ളമെത്തിക്കാൻ സാധിച്ചു.
ജില്ലക്കും മാഹിവരെയുള്ള പ്രദേശങ്ങളിലും പതിനായിരങ്ങൾക്ക്
കുടിവെള്ളം എത്തിക്കുന്നതും പഴശ്ശി ഡാമിൽനിന്നാണ്. മുഴുനിരപ്പിൽ (എഫ് ആർഎൽ) വെള്ളമുണ്ടെങ്കിലും
നീരൊഴുക്ക്, വിതരണം എന്നിവ അടിസ്ഥാനമാക്കി ജലവിതാനം ക്രമീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
