ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പകരം സംവിധാനം ഏർപ്പെടുത്താതെ ഫാർമസ്റ്റുകളെ സ്ഥലംമാറ്റി; മരുന്നിനായി കാത്തിരുന്ന് വലഞ്ഞ് രോഗികൾ


ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പകരം സംവിധാനം ഏർപ്പെടുത്താതെ ഫാർമസ്റ്റുകളെ സ്ഥലംമാറ്റി; മരുന്നിനായി കാത്തിരുന്ന് വലഞ്ഞ് രോഗികൾ




ഇരിട്ടി : താലൂക്കിന്റെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന  ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ മരുന്നിനായി മണിക്കൂറുകൾ കാത്തിരുന്ന് വലഞ്ഞ് രോഗികൾ.  ഡോക്ടറെ കണ്ടശേഷം മരുന്നിനായുള്ള രോഗികളുടെ കാത്തിരിപ്പ് പലപ്പോഴും   മൂന്നും നാലും മണിക്കൂറുകൾ നീളുന്നു. രാവിലെ പത്തിന് ഡോക്ടറെ കണ്ട രോഗിക്ക് മരുന്ന് കിട്ടണമെങ്കിൽ ചുരുങ്ങിയത് ഉച്ചക്ക് ശേഷം രണ്ട് വരേയെങ്കിലും കാത്തിരിരിക്കേണ്ട അവസ്ഥ. പകരം സംവിധാനം ഏർപ്പെടുത്താതെ നിലവിലുള്ള രണ്ട് ഫാർമസിസ്റ്റുകളെ  സ്ഥലം മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായത്. 
ആദിവാസികൾ ഉൾപ്പെടെ 800നും ആയിരത്തിനും ഇടയിൽ രോഗികളാണ് ദിനം പ്രതി ആസ്പത്രിയിൽ എത്തുന്നത്. ഗൈനക്കോളജി വിഭാഗത്തിൽ ഒഴികെ മറ്റെല്ലാ തസ്തഇകകളിലും ഡോക്ടർമാർ ഉണ്ടെങ്കിലും പാരമെഡിക്കൽ ജീവനക്കാരുടെ കുറവ് ആസ്പത്രിയുടെ പ്രവർത്തനത്തെ  താളം തെറ്റിക്കുകയാണ്.
നിലവിൽ താലൂക്ക് ആശുപത്രിയിൽ ഫാർമസിയുടെ പ്രവർത്തനം വൈകിട്ട് ആറുമണിവരെയാണ് . ജീവനക്കാരുടെ കുറവ് മൂലം ഇപ്പോൾ മൂന്നു മണി വരെ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതോടെ ഉച്ചക്ക്  ശേഷം  ഡോക്ടറെ  കാണാൻ എത്തുന്നവർ  പുറമെനിന്നും പണം നൽകി മരുന്നു വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പിഎസ്‌സി വഴി നിയമനം നേടിയ രണ്ട് പേരെയാണ് പകരം സംവിധാനം ഏർപ്പെടുത്താതെ സ്ഥലം മാറ്റിയത്. ആറുപേർ ഉണ്ടാകേണ്ട സ്ഥാനത്ത് മൂന്ന് പേർ മാത്രമാണ് ഉള്ളത്. പ്രതിസന്ധി രൂക്ഷമായതോടെ മട്ടന്നൂരിൽ നിന്നും തില്ലങ്കേരിയിൽ നിന്നും താല്ക്കാലികാടിസ്ഥാനത്തിൽ രണ്ട് പേരെ മാറ്റി നിയമിച്ചാണ് ഇപ്പോൾ ഫാമസി പ്രവർത്തിക്കുന്നത്. 
എൻഎച്ച്എം സ്‌കീം പ്രകാരം നിയമിച്ച ഒരാളും  ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച ഒരാളേയും വെച്ചാണ് പ്രവർത്തനം. രോഗികൾക്ക് ഉണ്ടാകുന്ന പ്രയാസം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
   ഉടൻ പുതിയ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി  സൂപ്രണ്ട് പറഞ്ഞു. ഇക്കാര്യം കഴിഞ്ഞ ദിവസം താലൂക്ക് വികസന സമിതിയോഗത്തിൽ സൂപ്രണ്ട് ഉന്നയിച്ചിരുന്നു. മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്ക് നിയമിച്ചവരെ തിരിച്ചു വിളിക്കുമെന്ന യോഗത്തിൽ പങ്കെടുത്ത് മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ പറഞ്ഞിരുന്നു. അങ്ങനെ ഉണ്ടായാൽ പ്രതിസന്ധി കൂടുതൽ  രൂക്ഷമാകും.