കണ്ണൂർ വിമാനത്താവളത്തിൽ 63 തേനീച്ചക്കൂടുകൾ;ഭീതി,ആദിവാസിവിഭാഗങ്ങളുടെ സേവനം ഉപയോഗിച്ച് തുരത്താൻ നീക്കം
മട്ടന്നൂർ: കെട്ടിടത്തിന് സൗന്ദര്യം കൂട്ടാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത പോലെ സ്വർണവർണത്തിൽ തൂങ്ങിനിൽക്കുന്ന തേനീച്ചക്കൂടുകൾ ദൂരെനിന്നേ കാണാം. കൂറ്റൻ കെട്ടിടത്തിന്റെ മേൽക്കൂരയോട് ചേർന്ന് ചെറുതും വലുതുമായ 63 തേനീച്ചക്കൂടുകൾ... കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ ‘തേനൂറും’ കാഴ്ച.
വിമാനത്താവളത്തിലെ രണ്ടാംനിലയിലെ പുറപ്പെടൽകേന്ദ്രത്തിലെ മേൽക്കൂരയിലാണ് തേനീച്ച നിരയായി കൂടുകൂട്ടിയിരിക്കുന്നത്. കെട്ടിടത്തിന്റെ വലതുഭാഗത്ത് 33-ഉം ഇടതുഭാഗത്ത് 30-ഉം കൂടുകളുമുണ്ട്. ചില കൂടുകളിൽനിന്നും തേനീച്ചകൾ തനിയെ ഒഴിഞ്ഞുപോയിട്ടുണ്ട്. മറ്റുള്ള കൂടുകളാകട്ടെ നല്ല വലുപ്പവും നീളവുമുണ്ട്.
2018 ഡിസംബർ ഒൻപതിനാണ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഏഴുവർഷമായി തേനീച്ചകളും കൂടുകളും ഇവിടെയുണ്ടെന്ന് അധികൃതർ പറയുന്നു. ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ലെന്നതാണ് വലിയ ആശ്വാസം.
മുൻകരുതലിന്റെ ഭാഗമായി ഇവയെ തുരത്താൻ പല ‘പരീക്ഷണങ്ങളും’ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ചിലപ്പോൾ ദൂരേയ്ക്ക് പറന്നുപോകുമെങ്കിലും വീണ്ടും തിരിച്ചെത്തും. ഏറ്റവും നല്ല ആവാസവ്യവസ്ഥ നിലനിൽക്കുന്ന സ്ഥലങ്ങളിലാണ് തേനീച്ചകൾ കൂടുകൂട്ടുന്നതെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്
തേനീച്ചകളെ തുരത്താൻ പല പരീക്ഷണങ്ങൾ
60 മീറ്റർ ഉയരത്തിലുള്ള വിമാനത്താവളത്തിന്റെ കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് തേനിച്ച കൂടുകൂട്ടിയിരിക്കുന്നത്. ഇത്രയും ഉയരത്തിലുള്ള തേനീച്ചക്കൂടുകൾ മാറ്റുക ശ്രമകരമാണെന്നാണ് അധികൃതർ പറയുന്നു. തേനീച്ചകളെ ബോധംകെടുത്തി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ശ്രമം നടത്തിയിരുന്നു. വനം-വന്യജീവി സംരക്ഷണവകുപ്പിന്റെ സഹായം തേടിയെങ്കിലും ഉയരക്കൂടുതൽ കാരണം ശ്രമം പാതിവഴിയിൽ അവസാനിപ്പിച്ചു.
പിന്നീട് സ്പെഷ്യൽ ഏജൻസിയെ ചില ജൈവ കീടനാശിനികൾ തളിച്ച് ശ്രമിച്ചു. കുറച്ച് ദിവസം തേനീച്ചകൾ മറ്റൊരു പ്രദേശത്തേക്ക് പോയെങ്കിലും താമസിയാതെ തിരിച്ചുവന്നു.
തീയിട്ടു പ്രകോപിച്ചാൽ ഇവ കൂട്ടത്തോടെ ഇളകി ആക്രമിക്കാൻ സാധ്യതയുണ്ടെന്ന വിദഗ്ധാഭിപ്രായമുള്ളതിനാൽ ഇത് പരീക്ഷിച്ചില്ല.
ആദിവാസി വിഭാഗത്തിന് സൗജന്യമായി തേൻ നൽകാം
കാടും കാട്ടുജീവികളുമായി ഏറെ ഇടപഴകി ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ സേവനം ഉപയോഗിച്ച് തുരുത്താനാകുമോ എന്ന് ആരാഞ്ഞുവരികയാണ് അധികൃതർ. മുഴുവൻ തേനീച്ചക്കൂടിലെ തേനും ഇവർക്ക് സൗജന്യമായി നൽകും. തേനീച്ചകളെ നശിപ്പിക്കാതെ മറ്റൊരിടത്തേക്ക് മാറ്റണം. കൂടുകൾ ഒഴിവാക്കണം-ഇതാണ് ലക്ഷ്യം.
അതിശയകരമായ രീതിയിലാണ് തേനീച്ചകൾ കൂട് നിർമിക്കുന്നത്. അതിലെ ഓരോ അറയും ഷഡ്ഭുജ ആകൃതിയിൽ മനോഹരമായും കൃത്യതയോടെയും ഉണ്ടാക്കിയതാണ്. മെഴുക് മൃദുവാകുന്നതുവരെ ചവച്ചരച്ച്, ഒരു തേനീച്ചക്കൂട്ടിന്റെ കോശങ്ങളിലേക്ക് വലിയ അളവിൽ മെഴുക് ബന്ധിപ്പിക്കും. ഒരു കൂട്ടിനുള്ളിൽ തേനീച്ചകൾ കൂട്ടമായി കൂട്ടുകൂടുമ്പോൾ, ഏകദേശം 30 മുതൽ 35 ഡിഗ്രി സെൽഷ്യസാകും ചൂട്. മെഴുകിന്റെ ഘടന നിയന്ത്രിക്കാൻ ആവശ്യമായ താപനിലയാണിത്
.
