ലളിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂരിൽ പഞ്ചായത്ത് ഹാൾ തന്നെ വിവാഹ വേദിയായി
കണ്ണൂർ: ലളിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഹാൾ തന്നെ വിവാഹ വേദിയാക്കി കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത്.
കണ്ണങ്കോട് കേളോത്തന്റവിട ചന്ദ്രനും വളയം നെല്ലുള്ളതിൽ ഗാനയുമാണ് പഞ്ചായത്ത് ഹാളിൽ വച്ച് വിവാഹിതരായത്.
കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് ഹാളിൽ ആദ്യമായാണ് ഒരു വിവാഹ ചടങ്ങ് നടക്കുന്നത്.
ലളിതവും ചെലവുകുറഞ്ഞതുമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന ഗ്രാമ പഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ നയത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് ഹാൾ വിവാഹ വേദിയായി മാറിയത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ മാസ്റ്റർ വിവാഹത്തിന് കാർമികത്വം വഹിച്ചു.
ജനപ്രതിനിധികളായ കെ.പി. സമീറ, മുംതാസ് മൊട്ടമ്മൽ, കെ.പി. രാജേഷ്, കെ.സി. ബിന്ദു, ഫെമിനാസ് റഹീം, വി. അനിഷ, കെ.പി. റംല എന്നിവരും വധൂ-വരന്മാരുടെ അടുത്ത ബന്ധുക്കളും ചടങ്ങിന് സാക്ഷികളായി.
