33 കുട്ടികളുടെ രഹസ്യഭാഗം കീറിമുറിച്ച് പീഡനം; ദമ്പതികൾക്ക് മരണശിക്ഷ, അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി

33 കുട്ടികളുടെ രഹസ്യഭാഗം കീറിമുറിച്ച് പീഡനം; ദമ്പതികൾക്ക് മരണശിക്ഷ, അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി


മൂന്നുവയസ് മുതലുള്ള 33 കുട്ടികൾക്കെതിരെ അതിക്രൂരമായ ലൈംഗികപീഡനം നടത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ ബന്ദ പോക്സോ പ്രത്യേക കോടതിയാണ് സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് കണ്ടെത്തി കുറ്റക്കാർക്ക് വധശിക്ഷ വിധിച്ചത്.
രാംഭവൻ, ദുർഗാവതി ദമ്പതികൾക്കെതിരെ ലൈംഗിക പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, ചൈൽഡ് പോണോഗ്രഫി, ക്രിമിനൽ ഗൂഢാലോചന എന്നീ ഗുരുതരമായ കുറ്റങ്ങളാണ് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ക്രൂരതയ്ക്കിരയായ ഒരോ കുട്ടിയുടേയും കുടുംബത്തിന് 10ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്നും ദമ്പതികളിൽ നിന്നും പണം പിടിച്ചെടുത്താൽ അത് കുട്ടികൾക്ക് വീതിച്ചു നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

2010 മുതൽ 2020 വരെയാണ് പ്രതികൾ കുഞ്ഞുകുട്ടികളെ അതിക്രമത്തിനു വിധേയരാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 2020 ഒക്ടോബറിലാണ് സംഭവത്തിൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. 2021 ഫെബ്രുവരിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിക്രൂരമായ രീതിയിലാണ് ദമ്പതികൾ കുട്ടികളെ ഉപദ്രവിച്ചതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.
33 കുട്ടികളിലും രഹസ്യഭാഗങ്ങളിൽ അതിഗുരുതരമായ പരുക്കുകളും മുറിവുകളും കണ്ടെത്തി. കണ്ണിനുൾപ്പെടെ ക്ഷതമേറ്റതായും സിബിഐ വ്യക്തമാക്കുന്നു. പ്രതികളുടെ ക്രൂരതയ്ക്ക് വിധേയരായ കുട്ടികൾ വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ട അവസ്ഥ വന്നെന്നും കടുത്ത മാനസികാഘാതം സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌ത്‌ ഡാർക് വെബിലൂടെ 47 രാജ്യങ്ങളിലേക്ക് പങ്കുവച്ചതായും സിബിഐ കണ്ടെത്തി.
ജലസേചന വകുപ്പിൽ ജൂനിയർ എൻജിനീയറായിരുന്നു രാംഭവൻ. തന്ത്രപരമായാണ് കുട്ടികളെ വലയിലാക്കുന്നത്. ഓൺലൈൻ വിഡിയോ ഗെയിമുകൾ, പണം, സമ്മാനങ്ങൾ എന്നിവ വാഗ്ദാനം ചെയ്‌താണ് കുട്ടികളെ പിടികൂടുന്നത്. ഇരകളായ കുട്ടികൾക്ക് കൗൺസലിങ്ങും കൃത്യമായ വൈദ്യപരിശോധനകളും നടത്തിവരികയാണ്.

വ്യത്യസ്‌ത ജില്ലകളിലായി നടന്ന ക്രൂരത അപൂർവങ്ങളിൽ അപൂർവമായി മാത്രമേ കണക്കാക്കാനാകൂവെന്ന് പോക്സോ കോടതി വിലയിരുത്തി. മരണശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷയും ഇവർക്ക് നൽകാനാവില്ലെന്നും കോടതി ശിക്ഷാവിധിക്കിടെ വ്യക്തമാക്കി. ഉത്തർപ്രദേശിൽ കോളിളക്കം സൃഷ്‌ടിച്ച കേസായിരുന്നു ഇത്.