
ഗാസിയാബാദ്: ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് മൂന്നു സഹോദരിമാർ ഒൻപതാം നിലയിൽനിന്നു ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് സിറ്റി റെസിഡൻഷ്യൽ ടൗൺഷിപ്പിൽ ഇന്നു പുലർച്ചെ രണ്ടോടെയാണ് ദാരുണസംഭവം നടന്നത്. വിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
കോവിഡ് കാലത്താണ് പെൺകുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായതെന്നു കരുതുന്നു. കൊറിയൻ ടാസ്ക് അധിഷ്ഠിത പ്രണയ ഗെയിമുകളിലായിരുന്നു ഇവർ സജീവമായിരുന്നത്. ഗെയിമിനോടുള്ള അമിത താത്പര്യം കാരണം സഹോദരിമാർ പതിവായി സ്കൂളിൽ പോയിരുന്നില്ലെന്നും മാതാപിതാക്കൾ ഇതിനെ എതിർത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും സ്കൂളിൽ പോകുന്നതുമുൾപ്പെടെ എല്ലാ കാര്യങ്ങളും മൂവരും ഒന്നിച്ചായിരുന്നു ചെയ്തിരുന്നത്. ഇന്നു പുലർച്ചെ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽനിന്ന് പെൺകുട്ടികൾ താഴേക്ക് ചാടുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
