ആലുവയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്കും തൊട്ടടുത്ത കടയിലേക്കും ഇടിച്ചു കയറി അപകടം, 3 പേർക്ക് പരിക്കേറ്റു
കൊച്ചി: ആലുവയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ബസ് സ്റ്റോപ്പും കടയും തകർത്ത് 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം ദേശീയ പാതയിലാണ് അപകടമുണ്ടായത്.ഇതരസംസ്ഥാനത്ത് നിന്നെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. ബസ്റ്റോപ്പും അതിന് തൊട്ടടുത്തുണ്ടായിരുന്ന കടയും തകർത്താണ് ലോറി പാഞ്ഞുകയറിയത്. ബസ് സ്റ്റോപ്പിന്റെ കോൺക്രീറ്റ് ലോറിയിലേക്ക് പതിച്ച് ലോറിക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് സ്റ്റോപ്പിൽ നിന്നവർക്കാണോ അതോ ബൈക്കിലിരുന്നവർക്ക് ആണോ പരിക്കേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ല.