നളന്ദയിലെ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 8 പേർക്ക് ദാരുണാന്ത്യം; അന്വേഷണത്തിന് ഉത്തരവിട്ടു
നളന്ദ: ബിഹാറിലെ നളന്ദ ജില്ലയിലുള്ള ഷിതല ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് തീർത്ഥാടകർ കൊല്ലപ്പെട്ടു. ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവം നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. ഉത്സവത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ തടിച്ചുകൂടിയത്. ദർശനത്തിനായി ബാരിക്കേഡുകൾ ഭേദിച്ച് ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ച എട്ട് പേരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റ പത്തോളം പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.</p><p>അപകടത്തിൻ്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകൾ നിലത്ത് അബോധാവസ്ഥയിൽ കിടക്കുന്നതടക്കം ദൃശ്യങ്ങൾ വൻ ജനരോഷത്തിന് കാരണമായിട്ടുണ്ട്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും സംഭവ സ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് നളന്ദ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണായതിനാൽ വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലും പെട്ടെന്നുണ്ടായ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു