
ഗുവാഹത്തി: അസമില്‍ നിന്നും ആദ്യത്തെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ലഭിച്ചതോടെ ഇന്ത്യയ്‌ക്കായി മറ്റൊരു ചരിത്രം രചിക്കപ്പെട്ടിരിക്കുന്നു. അന്താരാഷ്‌ട്ര മാസ്റ്റർ മായാങ്ക് ചക്രവർത്തി സ്വീഡനിൽ വെച്ചുള്ള മത്സരത്തിലാണ് ഗ്രാന്‍റ് മാസ്റ്റര്‍ പദവിയ്‌ക്കുള്ള അന്തിമ റേറ്റിങ്ങ് നേടിയത്.
ഇന്ത്യയുടെ 94-ാമത്തെ ഗ്രാൻഡ്മാസ്റ്ററാണ് മായാങ്ക് ചക്രവര്‍ത്തി. സ്വീഡനിലെ ഹോട്ടൽ സ്റ്റോക്ക്ഹോം നോർത്തിൽ ഇന്നലെ നടന്ന എട്ടാമത് ജിഎം ടൂർണമെന്‍റിലാണ് 16 കാരനായ ഇന്‍റർനാഷണൽ മാസ്റ്റർ മായങ്ക് ചക്രവർത്തി തന്റെ അവസാന ഗ്രാൻഡ്മാസ്റ്റർ മാനദണ്ഡം ഔദ്യോഗികമായി നേടിയത്.
മായാങ്ക് മികച്ച പ്രകടനത്തോടെ കളത്തിൽ ആധിപത്യം സ്ഥാപിച്ചു, 9 ൽ 7 പോയിന്‍റുകൾ നേടി ഒന്നാം സ്ഥാനത്തെത്തി. ടോപ്പ് സീഡുകളെ പരാജയപ്പെടുത്തി അവസാന റൗണ്ടുകളിൽ തോൽവിയറിയാതെ ഒരു കുതിപ്പ് നിലനിർത്തി.
ഈ നേട്ടത്തോടെ, അസമിൽ നിന്നും വടക്കുകിഴക്കൻ മേഖലയിൽ നിന്നുമുള്ള ആദ്യത്തെ ഗ്രാൻഡ്മാസ്റ്ററായി മായാങ്ക് മാറി. ചെസില്‍ ഇന്ത്യയുടെ കുതിപ്പിന് ഒരു വലിയ പ്രചോദനമായി മായാങ്ക് ചക്രവര്‍ത്തിയുടെ ഈ വിജയം മാറും.
