വയനാട് ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിയിലേക്കുള്ള വഴിയിൽ ഡിവൈഎഫ്ഐ കുടിൽക്കെട്ടിയത് ഗുണ്ടായിസം, വിമർശിച്ച് സണ്ണി ജോസഫ്

വയനാട് ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിയിലേക്കുള്ള വഴിയിൽ ഡിവൈഎഫ്ഐ കുടിൽക്കെട്ടിയത് ഗുണ്ടായിസം, വിമർശിച്ച് സണ്ണി ജോസഫ്


തിരുവനന്തപുരം: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുള്ള വഴിയിൽ കുടിൽക്കെട്ടി സമരാഭാസം നടത്തുന്ന ഡി വൈ എഫ് ഐയുടെ നടപടി ഗുണ്ടായിസമാണെന്ന് കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം എൽ എ. സർക്കാർ വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ ടൗൺഷിപ്പ് പദ്ധതി ഒരു മാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ ദുരന്തബാധിതർക്ക് താമസിക്കാൻ കഴിഞ്ഞിട്ടില്ല. കൈമാറിയ വീടുകൾ പോലും പൂര്‍ണമായിട്ടില്ല. നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒരു പി ആർ എക്സൈസ് മാത്രമായിരുന്നത്. ദുരന്തബാധിതരുടെ ഗതികേടിനെ പോലും സി പി എം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ ഡി വൈ എഫ് ഐ സമരം ചെയ്യേണ്ടത് ടൗൺഷിപ്പ് പദ്ധതിക്ക് മുന്നിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.കോൺഗ്രസ് വാഗ്ദാനം പാലിക്കുംസർക്കാർ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വേണ്ടിയിട്ടാണ് കോൺഗ്രസ് ഭവന പദ്ധതി പ്രഖ്യാപിച്ചത്. ആ പദ്ധതി മുടക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചതെന്നും കെ പി സി സി അധ്യക്ഷൻ വിമർശിച്ചു. ഭൂമി ഏറ്റെടുക്കൽ വൈകിയതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ ആത്മാർത്ഥതയോടെ പാലിക്കുക തന്നെ ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുള്ള വഴിയിൽ കുടിൽക്കെട്ടി സമരാഭാസം നടത്തുന്ന ഡി വൈ എഫ് ഐയുടെ നടപടി ഗുണ്ടായിസമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കെ പി സി സി പ്രസിഡന്‍റ് വ്യക്തമാക്കി.ഡി വൈ എഫ് ഐ പ്രതിഷേധംമുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ ഇന്ന് രാവിലെയാണ് ഡി വൈ എഫ് ഐ കുടില്‍കെട്ടി സമരം നടത്തിയത്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഡി വൈ എഫ് ഐ നേതാക്കൾ വ്യക്തമാക്കി. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും ഡി വൈ എഫ് ഐ ആരോപിച്ചു. കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കുടിൽക്കെട്ടി സമരത്തിന് നേതൃത്വം നൽകിയ ഡി വൈ എഫ്‌ ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് അഭിപ്രായപ്പെട്ടു.