ഖമനേയിയുടെ കൊലയ്ക്ക് പകരം വീട്ടുമെന്ന വാശിയില്‍ ഇറാന്‍; നെതന്യാഹുവിന്റെ ഓഫീസ് തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ഖൈബര്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായി റവല്യൂഷണറി ഗാര്‍ഡ്‌സ്; ഹൈഫയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും മിസൈല്‍ പ്രഹരം; ജറുസലേമിന് മുകളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പി

ഖമനേയിയുടെ കൊലയ്ക്ക് പകരം വീട്ടുമെന്ന വാശിയില്‍ ഇറാന്‍; നെതന്യാഹുവിന്റെ ഓഫീസ് തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ഖൈബര്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായി റവല്യൂഷണറി ഗാര്‍ഡ്‌സ്; ഹൈഫയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും മിസൈല്‍ പ്രഹരം; ജറുസലേമിന് മുകളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പി



ടെല്‍ അവീവ്: കഴിഞ്ഞ ശനിയാഴ്ച യുഎസ്-ഇസ്രായേല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പകരം വീട്ടാന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അവകാശവാദം. ടെല്‍ അവീവിലെ നെതന്യാഹുവിന്റെ ഓഫീസിന് പുറമെ ഹൈഫയിലെ സുരക്ഷാ-സൈനിക കേന്ദ്രങ്ങളെയും കിഴക്കന്‍ ജറുസലേമിനെയും ലക്ഷ്യമിട്ടതായും അവര്‍ വ്യക്തമാക്കി.

'സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രിമിനലായ പ്രധാനമന്ത്രിയുടെ ഓഫീസും വ്യോമസേനാ കമാന്‍ഡറുടെ ആസ്ഥാനവുമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്,' ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ ഗാര്‍ഡ്‌സ് പറഞ്ഞു. ആക്രമണത്തിനായി 'ഖൈബര്‍' (Kheibar) മിസൈലുകളാണ് ഉപയോഗിച്ചത്.

തിങ്കളാഴ്ച ജറുസലേമിന് മുകളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈന്യം (IDF) സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങള്‍ സജീവമാണെന്നും സൈന്യം അറിയിച്ചു.

മേഖലയില്‍ യുദ്ധം പടരുന്നു

അബുദാബി, ദുബായ്, ദോഹ, മനാമ തുടങ്ങിയ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖമനേയിയുടെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയുടെ ഗള്‍ഫ് സഖ്യകക്ഷികളെയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. കുവൈറ്റിലെ യുഎസ് എംബസിക്ക് മുകളില്‍ കറുത്ത പുക ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ മിസൈല്‍, ഡ്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എംബസി പരിസരത്തേക്ക് വരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒരു അമേരിക്കന്‍ സൈനിക താവളവും പവര്‍ സ്റ്റേഷനും ആക്രമിക്കപ്പെട്ടതായും വിവരമുണ്ട്.

യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ ആക്രമണത്തില്‍ ഇതുവരെ അഞ്ച് പേര്‍ മരിച്ചു.

സൈപ്രസിലെ ബ്രിട്ടീഷ് എയര്‍ ബേസിനും സൗദിയിലെ എണ്ണ കേന്ദ്രത്തിനും നേരെ നടന്ന ആക്രമണങ്ങളെ യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ അപലപിച്ചു. സംഘര്‍ഷം ലഘൂകരിക്കാന്‍ അടിയന്തരമായി ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഖമനേയിയുടെ കൊലപാതകത്തെത്തുടര്‍ന്ന് മേഖലയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 1990-കളിലെ കുവൈറ്റ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷത്തിനാണ് പശ്ചിമേഷ്യ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.