തട്ടിപ്പിനായി വ്യാജ ഫോണ്‍പേ ആപ്പ്; കൊയിലാണ്ടി സ്വദേശികള്‍ വലയില്‍


തട്ടിപ്പിനായി വ്യാജ ഫോണ്‍പേ ആപ്പ്; കൊയിലാണ്ടി സ്വദേശികള്‍ വലയില്‍


വടകര: ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ ഫോണ്‍പേയുടെ വ്യാജ പതിപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ച യുവാക്കള്‍ സൈബർ പൊലീസിന്റെ പിടിയിലായി.

കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സല്‍ ഹമീൻ എന്നിവരെയാണ് വടകര റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ സൈബർ ക്രൈം പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വടകര റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ യുവതികളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വലയിലായത്. യുവതികളുടെ കൈവശം നിന്നും പണം വാങ്ങിയ ശേഷം, അത് തിരികെ അയച്ചുവെന്ന് വിശ്വസിപ്പിക്കാൻ പ്രതികള്‍ വ്യാജ ആപ്ലിക്കേഷനെയാണ് കൂട്ടുപിടിച്ചത്. 

പണം അയക്കാതെ തന്നെ, ഇടപാട് വിജയകരമായി പൂർത്തിയായെന്ന് കാണിക്കുന്ന കൃത്രിമ ഇന്റർഫേസ് മൊബൈലില്‍ പ്രദർശിപ്പിച്ച്‌ സ്ക്രീൻഷോട്ട് കാണിച്ച്‌ മുങ്ങാനായിരുന്നു ഇവരുടെ നീക്കം.

പണം അക്കൗണ്ടിലെത്താതെ ഇടപാട് നടന്നെന്ന അവകാശവാദത്തില്‍ സംശയം തോന്നിയ യുവതികള്‍ ഉടൻ തന്നെ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സൈബർ ക്രൈം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. 

യഥാർത്ഥ ആപ്പിനോട് സാമ്യമുള്ളതും എന്നാല്‍ തട്ടിപ്പിനായി മാത്രം രൂപപ്പെടുത്തിയതുമായ ആപ്ലിക്കേഷനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ പേർ ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.