കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രിന്‍സിപ്പലിന്റെ മുറിയില്‍വെച്ച് നിതിന്റെ ഫോണ്‍ പരിശോധിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉള്ളത്. നിതിന്‍ മരിക്കുന്നതിന് 25 മിനിറ്റ് മുന്‍പ് ഉള്ളതാണ് ഈ ദൃശ്യം. ലോണ്‍ ആപ്പില്‍ നിന്നും നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വരുന്നതുമായി ബന്ധപ്പെട്ട് ലത ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുന്നുണ്ട്.
ആ സമയത്തും ടീച്ചര്‍ക് കാള്‍ വരുന്നു. പ്രിന്‍സിപ്പല്‍ ലോണ്‍ ആപ്പുകാരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിധിന്‍രാജ് പ്രിന്‍സിപ്പലിന് വിവരിച്ചു നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. ടീച്ചറുടെ നമ്പര്‍ റെഫെറന്‍സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് ആവശ്യപെടുമ്പോഴും, ലോണ്‍ ആപ്പുകാര്‍ ഭീഷണി പെടുത്തുന്നു. പേയ്മെന്റ് പൂര്‍ത്തി ആകാതെ ആരുടേയും നമ്പര്‍ ഒഴിവാക്കില്ലെന്നാണ് ഭീഷണി.
സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകര്‍ ഡോ. റാമും, ഡോ. സംഗീത നമ്പ്യാരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ആത്മഹത്യയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയാകാം നിതിന്‍ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അധ്യാപകരുടെ വാദം. ഈ വാദത്തിന് പിന്നാലെയാണ് സിസി ടി വി ദൃശ്യങ്ങളും പുറത്തുവന്നത്.
നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഭവദിവസം പ്രിന്‍സിപ്പലിന്റെ റൂമില്‍ താന്‍ ഇല്ലായിരുന്നുവെന്നും റാം ഹര്‍ജിയില്‍ പറയുന്നു.
വിദ്യാര്‍ഥിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഡോ. റാമും സംഗീതയും ഒളിവിലാണ്. ഇരുവരെയും പിടികൂടാന്‍ വൈകുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എംകെ റാമിനെയും സംഗീതയെയും കോളേജ് സസ്‌പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. സംഭവം നടന്നിട്ട് ഒരാഴ്ച്ച തികഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസിലേക്ക് യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ഉച്ചയ്ക്ക് ഒന്നരയോടെ നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയത്. മെഡിക്കല്‍ കോളേജ് അതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ അന്നേ ദിവസം വെകിട്ട് മരണമടഞ്ഞു. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു.
