ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് കൊണ്ടുവന്ന വനിതാ സംവരണ ബില്‍ ഭേദഗതി പരാജയം. മണ്ഡല പുനര്‍നിര്‍ണയത്തില്‍ തട്ടിയാണ് ലോക്‌സഭയില്‍ ബില്‍ പരാജയപ്പെട്ടത്. ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വനിതാ സംവരണ ബില്‍ ഭേദഗതി പരാജയപ്പെട്ടത്. ഭരണപക്ഷത്തിന് 290 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേര്‍ ബില്ലിനെതിരെ വോട്ട് ചെയ്തു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന് ഈ കാലയളവില്‍ അവകാശപ്പെടാന്‍ കഴിയുന്ന ഒരു വിജയമാണിത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സര്‍ക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ തന്നെ ബില്‍ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ബില്‍ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.
ബില്‍ വോട്ടിനിട്ട് തള്ളുന്നത് വന്‍ പ്രചാരണവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലായിരുന്നു ഈ നീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിനെതിരെയടക്കം വന്‍ പ്രചാരണം നടത്താനാണ് ബി ജെ പി ക്യാമ്പിന്റെ തീരുമാനം. ബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളില്‍ വിഷയം സജീവമായി ചര്‍ച്ചായകും. വിഷയം ബിജെപിയും പ്രതിപക്ഷവും ഒരുപോലെ ആയുധമാക്കും. എന്നാല്‍ വനിത സംവരണത്തെയല്ല, മണ്ഡല പുനര്‍നിര്‍ണയത്തെയാണ് എതിര്‍ക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നിലവിലെ 543 സീറ്റില്‍ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയില്‍ പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണയായിരുന്നു ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. പതിനെട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ബില്‍ ലോക്സഭയില്‍ വോട്ടിനിട്ടത്. 2029ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ വനിതാ സംവരണം നടപ്പിലാക്കുന്നതിനായി മൂന്നു ബില്ലുകളാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.
2023-ലെ നാരീശക്തി വന്ദന്‍ അധിനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഭരണഘടനാ (131ാം ഭേദഗതി) ബില്ല്, മണ്ഡല പുനര്‍നിര്‍ണ്ണയത്തിനായുള്ള ഡീലിമിറ്റേഷന്‍ ബില്ല്, കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് സംവരണം വ്യാപിപ്പിക്കുന്നതിനുള്ള മൂന്നാമത്തെ ബില്ല് എന്നിവയാണ് ആ മൂന്നു ബില്ലുകള്‍. ലോക്സഭയിലെ അംഗസംഖ്യ 850-ല്‍ കൂടുതലാകാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതിനായി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 81 ഭേദഗതി ചെയ്യാനും ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നു.
2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ രാജ്യമൊട്ടാകെ മണ്ഡല പുനര്‍നിര്‍ണയം നടത്തി 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ച് ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കാനുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍, ജനസംഖ്യാനുപാതത്തില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തുന്നതിനെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുകയായിരുന്നു. ജനസംഖ്യാനുപാതികമായല്ല, ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള മണ്ഡലങ്ങളുടെ എണ്ണമാണ് പരിഗണിക്കേണ്ടതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ചരിത്ര നിമിഷത്തെ പ്രതിപക്ഷം ഇല്ലാതാക്കിയെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. വോട്ടെടുപ്പിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ വീണ്ടും ചേരും. സ്ത്രീസംവരണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും റിജിജു പറഞ്ഞു. നേരത്തെ വിഷത്തില്‍ പ്രതിപക്ഷത്തിനെതിരെ അമിത്ഷാ പാര്‍ലമെന്റില്‍ ആഞ്ഞടിച്ചിരുന്നു.
പ്രതിപക്ഷം 'പക്ഷേ', 'എങ്കിലും' 'എന്നാലും' തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിച്ച് യഥാര്‍ഥത്തില്‍ വനിതാസംവരണത്തെ എതിര്‍ക്കുകയാണ് ചെയ്തത്. പലപ്പോഴും പ്രതിപക്ഷം പറഞ്ഞത് സര്‍ക്കാരിന്റെ കാഴ്ചപ്പാടിനോടല്ല, നടപ്പാക്കുന്ന രീതിയോടാണ് എതിര്‍പ്പെന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ 'ഇന്ത്യ' മുന്നണിയിലെ കക്ഷികള്‍ വനിതാസംവരണത്തെയാണ് അടിമുടി എതിര്‍ക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു.
മണ്ഡല പുനക്രമീകരണത്തെ എതിര്‍ത്തുന്നവര്‍ യഥാര്‍ഥത്തില്‍ എസ്സി, എസ്ടി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ജന ജനപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മണ്ഡലപുനക്രമീകരണം മരവിപ്പിച്ചത് ഇന്ദിര ഗാന്ധി നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇപ്പോള്‍ പ്രതിപക്ഷത്തിരുന്നും കോണ്‍ഗ്രസ് മണ്ഡല പുനക്രമീകരണം തടഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്നു. മണ്ഡലപുനക്രമീകരണം നടപ്പാക്കിക്കൊണ്ടുമാത്രമേ വനിതാസംവരണം നടപ്പാക്കാനാവൂ. അത് ഇപ്പോള്‍ത്തന്നെ നടപ്പാക്കുകയും വേണം. ഇക്കാര്യം പ്രതിപക്ഷത്തിനറിയാം. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലമണ്ഡലപുനക്രമീകരണം വോട്ടര്‍മാരുടെ ഭരണഘടനാ അവകാശമാണ്. ജനസംഖ്യ 120 ശതമാനം വര്‍ധിച്ചിട്ടും ഇതുവരെ നടപ്പാക്കാനായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷം തെക്ക്, വടക്ക് വാദമുയര്‍ത്തി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തുമെന്നാണ് ഓരോ ജനപ്രതിനിധിയും പ്രതിജ്ഞയെടുക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ ഓരോ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിനും രാജ്യത്തിനുമേല്‍ അവകാശമുണ്ടെന്നും അമിത്ഷാ പറഞ്ഞു.
