പ്രധാനമന്ത്രിയുടെ വാക്കുകള്‍ പവിത്രത കളഞ്ഞ രാഷ്ട്രീയ പ്രസംഗം; കോണ്‍ഗ്രസിനെ കുറിച്ച് അദ്ദേഹം പറഞ്ഞതെല്ലാം കളവ്; വനിതാ സംവരണത്തില്‍ നാളെ ബില്ല് കൊണ്ടുവന്നാലും കോണ്‍ഗ്രസ് പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ വാക്കുകള്‍ പവിത്രത കളഞ്ഞ രാഷ്ട്രീയ പ്രസംഗം; കോണ്‍ഗ്രസിനെ കുറിച്ച് അദ്ദേഹം പറഞ്ഞതെല്ലാം കളവ്; വനിതാ സംവരണത്തില്‍ നാളെ ബില്ല് കൊണ്ടുവന്നാലും കോണ്‍ഗ്രസ് പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ്



ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ പദവിക്ക് ചേരാത്ത പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗമാണെന്നും കോണ്‍ഗ്രസിനെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

ബംഗാളിലെയും തമിഴ്നാട്ടിലെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള ഗീര്‍വാണമാണ് പ്രധാനമന്ത്രി നടത്തിയത്.നിലവിലെ സാഹചര്യത്തില്‍ വനിതാ സംവരണം നടപ്പിലാക്കാന്‍ നാളെ ബില്ല് കൊണ്ടുവന്നാലും കോണ്‍ഗ്രസ് അതിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കും.

വനിതാ സംവരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രധാനമന്ത്രി പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രിയുടെ വിമര്‍ശനം

ലോക്‌സഭയില്‍ വനിതാ ബില്ല് ഭേദഗതി പാസാക്കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭേദഗതി പരാജയപ്പെടുത്തിയത് രാജ്യത്തെ സ്ത്രീകളുടെ മുന്നേറ്റത്തെ തടയാനാണ്. ഇതില്‍ താന്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു.കുടുംബ പാര്‍ട്ടികള്‍ തങ്ങളുടെ സ്വന്തം കുടുംബത്തിലുള്ളവരല്ലാതെ മറ്റ് സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്നത് ആഗ്രഹിക്കുന്നില്ല.

സ്വന്തം സംസ്ഥാനങ്ങളിലെ എം.പിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും ഇല്ലാതാക്കിയത്. ഇപ്പോള്‍ മൂന്നിലൊന്ന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും, സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്നും മോദി വ്യക്തമാക്കി.