വിഴിഞ്ഞം: നടുറോഡില്‍ യുവാവിനെ സഹോദരങ്ങള്‍ ചേര്‍ന്ന് മൃഗീയമായി തല്ലിക്കൊല്ലുമ്പോള്‍ 'ഷൂട്ടിംഗ്' തിരക്കിലായിരുന്നു ബാര്‍ ജീവനക്കാരും ആള്‍ക്കൂട്ടവും. മുക്കോല പോര്‍ട്ട് പാലസ് ബാറിന് മുന്നില്‍ നടന്ന ഈ കൊടുംക്രൂരത തടയാന്‍ ആരും തയ്യാറായില്ലെന്നത് തലസ്ഥാനത്തെ ഞെട്ടിക്കുന്നു. അക്രമം കണ്ടുനിന്നവര്‍ വീഡിയോ പകര്‍ത്താന്‍ കാണിച്ച ആവേശം യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കാട്ടിയിരുന്നെങ്കില്‍ സുമന്‍ ഇന്നും ജീവനോടെ ഇരുന്നേനെ.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സുമന്‍ എന്ന 38-കാരനെ അച്ചുവും അനന്തുവും ചേര്‍ന്ന് ചവിട്ടിക്കൊന്നത്. ബാറിനുള്ളില്‍ തുടങ്ങിയ തര്‍ക്കം റോഡിലേക്ക് നീങ്ങിയപ്പോള്‍ ബാര്‍ ജീവനക്കാര്‍ കാണികളായി മാറി. റോഡില്‍ വീണുകിടന്ന സുമനെ ആക്രോശിച്ചുകൊണ്ട് പ്രതികള്‍ മര്‍ദ്ദിക്കുമ്പോള്‍ ബാര്‍ ജീവനക്കാര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. അക്രമികള്‍ തങ്ങളെ ചീത്തവിളിക്കുകയും ആക്രമിക്കാന്‍ തുനിയുകയും ചെയ്തപ്പോള്‍ മാത്രമാണ് ബാര്‍ ജീവനക്കാര്‍ പ്രതിരോധത്തിന് മുതിര്‍ന്നത്. അക്രമികള്‍ക്ക് നേരെ ജീവനക്കാര്‍ മുളകുസ്‌പ്രേ പ്രയോഗിച്ചതോടെയാണ് ഇരുവരും സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്.
സുമനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഘട്ടത്തില്‍ ഈ മുളകുസ്‌പ്രേ പ്രയോഗിച്ചിരുന്നെങ്കില്‍ പ്രതികള്‍ പിന്തിരിയുമായിരുന്നു. സ്വന്തം ജീവന് ഭീഷണിയായപ്പോള്‍ മാത്രം ആയുധമെടുത്ത ജീവനക്കാരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഘര്‍ഷം ബാറിനുള്ളില്‍ ആരംഭിച്ചിട്ടും അത് പുറത്തേക്ക് പടരുന്നത് തടയാനോ പോലീസിനെ ഉടന്‍ അറിയിക്കാനോ പോര്‍ട്ട് പാലസ് അധികൃതര്‍ തയ്യാറായില്ല. ബാര്‍ അടച്ച ശേഷം കണ്മുന്നില്‍ നടന്ന കൊലപാതകത്തില്‍ ഇടപെടാതെ മാറിനിന്ന ജീവനക്കാരുടെ നടപടി കുറ്റകരമായ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ബാറിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
കൊലപാതകം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിഴിഞ്ഞം പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തിരിച്ചറിഞ്ഞ പോലീസ്, ഉച്ചക്കടയില്‍ വെച്ച് ജീപ്പിടിച്ച് വീഴ്ത്തിയാണ് പ്രതികളെ പിടികൂടിയത്. ഫോര്‍ട്ട് എ.സി.പി കെ.ബി മനോജ് കുമാറിന്റെയും വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി റെജിരാജിന്റെയും നേതൃത്വത്തിലായിരുന്നു മിന്നല്‍ നീക്കം.
മദ്യലഹരിയില്‍ തങ്ങള്‍ക്കൊപ്പം മദ്യപിച്ചയാളെ റോഡിലിട്ട് തല്ലിക്കൊല്ലുന്ന കാഴ്ച പകര്‍ത്തുന്നത് ധാര്‍മ്മികമായി തെറ്റാണെന്ന് മാത്രമല്ല, ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരം ബോധപൂര്‍വ്വം പാഴാക്കലുമാണെന്ന് ആക്ഷേപമുയരുന്നു. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. വിഴിഞ്ഞം മുക്കോലയിലെ ബാറിന് സമീപത്തെ റോഡില്‍ ബുധനാഴ്ച രാത്രി 12 മണിക്കായിരുന്നു അക്രമമുണ്ടായത്. അച്ചുവും അനന്തുവും സുമനെ മര്‍ദിക്കുന്നത് കണ്ടുനിന്ന ബാര്‍ ജീവനക്കാര്‍ സംഘര്‍ഷത്തില്‍ ഇടപെടാതെ, അക്രമദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
റോഡില്‍ കിടന്ന സുമനെ അതുവഴി വന്ന കാര്‍ യാത്രക്കാരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രി സുഹൃത്ത് ലാല്‍ കൃഷ്ണനുമൊത്താണ് സുമന്‍ ബാറിലെത്തിയത്. ഉച്ചക്കടയിലെ വിവാഹവീട്ടില്‍നിന്ന് സുഹൃത്തിനൊപ്പം അച്ചുവും ഇതേ ബാറിലെത്തി. ഇവിടെവെച്ച് അച്ചുവും ഒരു വെങ്ങാനൂര്‍ സ്വദേശിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. സുമന്‍ ഈ തര്‍ക്കത്തില്‍ ഇടപെട്ടതോടെ അച്ചുവുമായി സംഘട്ടനമായി.
പരിക്കേറ്റ അച്ചു സഹോദരന്‍ അനന്തുവിനെ ബാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 12 മണിക്ക് ബാര്‍ അടച്ചതോടെ സംഘര്‍ഷം റോഡിലേക്ക് നീണ്ടു. ബാറിന് മുന്നില്‍ ദേശീയപാതയുടെ സര്‍വീസ് റോഡില്‍വെച്ച് അച്ചുവും അനന്തുവും ചേര്‍ന്ന് സുമനെ അടിച്ചുവീഴ്ത്തി. വീണുകിടന്ന സുമനെ ആക്രോശിച്ചുകൊണ്ട് ഇടിച്ചും ചവിട്ടിയും ഇരുവരും ആക്രമിച്ചു. ബാറില്‍ നിന്നിറങ്ങി വന്ന ചിലരും ബാര്‍ ജീവനക്കാരും അക്രമങ്ങള്‍ കണ്ടുനിന്നതല്ലാതെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ബാര്‍ ജീവനക്കാരെ അക്രമികള്‍ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബാര്‍ ജീവനക്കാര്‍ മുളകു സ്‌പ്രേ പ്രയോഗിച്ചതോടെ ഇരുവരും സ്‌കൂട്ടറില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ ഷെഫ് ആയിരുന്നു സുമന്‍. രമ്യയാണ് ഭാര്യ. മകള്‍: അനാര്‍ക്കലി. പ്രതിയായ അച്ചു പെയിന്റിങ് തൊഴിലാളിയാണ്. മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററാണ് അനന്തു.
