കാട്ടാക്കടയിൽ നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു, അമ്മ നിരീക്ഷണത്തിൽ
തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മയെ നിരീക്ഷണത്തിലാക്കി. ഇന്നലെയാണ് പൂഴനാട് സ്വദേശിനിയായ 21കാരിയായ യുവതി വീട്ടിൽ വച്ച് കുഞ്ഞിനെ പ്രസവിച്ചത്. വയറുവേദന കാരണം ആശുപത്രിയിൽ പോകണമെന്നായിരുന്നു ഭർത്താവിനോട് യുവതി പറഞ്ഞത്. പിന്നാലെ കട്ടിലിനടയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ട ആശുപത്രി അധികൃതരാണ്</p><p>പൊലീസിനെ വിവരമറിയിച്ചത്. പ്രസവത്തിനിടെയുണ്ടായ പരിക്കുകളാണോ മരണകാരണമെന്നായിരുന്നു സംശയം. എന്നാൽ, ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ കൊലപാതക സാധ്യത പരിശോധിക്കുകയാണ് പൊലീസ്. കുഞ്ഞിന്‍റെ അമ്മ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. യുവതി ഗർഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. ഇവർക്ക് ഒന്നരവയസുള്ള ഒരു കുഞ്ഞുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.