കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി


മം​ഗളൂരു: കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. വനമേഖലയില്‍ നിന്നാണ് ശര‍ണ്യ കണ്ടെത്തിയത്. ശരണ്യ സുരക്ഷിതയാണെന്ന് തെരച്ചില്‍ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.</p><p>കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ജിഎസ് ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് എത്തിയത്. എന്നാല്‍ കാട്ടാന ശല്യമുള്ളതിനാല്‍ കയറ്റിവിടാനാകില്ലെന്ന് വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോം സ്റ്റേയില്‍ മുറിയെടുത്തു. പിന്നീട് വനം വകുപ്പിന്‍റെ അനുമതി ലഭിച്ചതോടെ പത്തംഗം സംഘത്തോടൊപ്പം ഏപ്രിൽ 2ന് രാവിലെ ഓടെയാണ് ശരണ്യ ട്രക്കിംഗ് യാത്ര തുടങ്ങിയത്. എന്നാല്‍, വനത്തിനുള്ളില്‍ വെച്ച് ശരണ്യയ്ക്ക് വഴി തെറ്റി പോയിരുന്നു.</p><p>വഴി തെറ്റിയെന്ന സന്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹോം സ്റ്റേ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ശരണ്യക്കൊപ്പം പോയവര്‍ വ്യാഴം വൈകീട്ട് മടങ്ങിയെത്തി. ഏറെ നേരെ കാത്തുനിന്നിട്ടും ശരണ്യ തിരിച്ചുവന്നില്ല. കൂടെപ്പോയവരോട് ചോദിച്ചപ്പോള്‍ മലമുകളില്‍ നായയോടൊപ്പം കളിച്ചു നില്‍ക്കുന്നെന്നായിരുന്നു മറുപടി. വനം വകുപ്പും പൊലീസും തെരച്ചില്‍ തുടങ്ങിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷനും കണ്ടെത്താനായില്ല. വെല്ലുവിളികള്‍ നീണ്ട നാല് ദിവസത്തെ തെരച്ചിലിനൊടുവില്‍ ശരണ്യയുടെ മടങ്ങിവരവിനായി പ്രതീക്ഷയോടെ കാത്തിരുന്നവരിലേക്ക് ആ ആശ്വാസ വാര്‍ത്ത എത്തി. ശരണ്യ സുരക്ഷിതയാണെന്നും മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.