പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു

‘ശബ്ദസന്ദേശം തന്റേതല്ല, എഐ ആണോയെന്ന് സംശയം, നിയമ നടപടി സ്വീകരിക്കും’; കുഴൽനാടന്‍റെ ആരോപണം തള്ളി കെ കൃഷ്ണൻകുട്ടി


പാലക്കാട്: പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. ശബ്ദസന്ദേശം എഐ ആണോയെന്ന് സംശയുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കെ കൃഷ്ണൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഓഡിയോ സൃഷ്ടിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാത്യു ടി തോമസിനെ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമം. നിയമസഭയില്‍ പ്രളയവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ അന്ന് വിഷയം ഉന്നയിച്ചില്ല. മേരിമാതാ കരാര്‍ കമ്പനി തന്റെ ശത്രു പക്ഷത്താണ്. അതുകൊണ്ടുതന്നെ ആരോപണം തന്നെ ബാധിക്കില്ല. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നും മാത്യു ടി തോമസിനെ മോശക്കാരനാക്കാനാണ് ഇതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. മദ്രാസ് ഐഐടി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സംഭവം ആണ്. മഴക്കെടുതിയാണ് പ്രളയത്തിന് കാരണമായതെന്നായിരുന്നു ഐഐടി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഐഐടി തങ്ങളുടെ കീഴിലല്ലല്ലോയെന്നും കേന്ദ്രസര്‍ക്കാരിന്റെ കീഴിലല്ലേയെന്നും കൃഷ്ണന്‍കുട്ടി ചോദിച്ചു. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കൃത്രിമമായി നിര്‍മ്മിച്ച ഓഡിയോയാണതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു