ഭര്‍ത്താവുമായി കറങ്ങാനിറങ്ങി; യുവതിയെ കടപ്പുറത്ത് വെച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി: മൃതദേഹം കണ്ടെത്തിയത് തെരുവുനായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയില്‍: ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവുമായി കറങ്ങാനിറങ്ങി; യുവതിയെ കടപ്പുറത്ത് വെച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി: മൃതദേഹം കണ്ടെത്തിയത് തെരുവുനായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയില്‍: ഭര്‍ത്താവ് അറസ്റ്റില്‍



പൊന്നാനി: ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതിയെ കടല്‍ത്തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തി. തെരുവുനായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പുനര്‍ഗേഹം ഭവനസമുച്ചയത്തിലെ താമസക്കാരിയായ പൊന്നാനി അഴീക്കല്‍ മാറാപ്പിന്റെ വീട്ടില്‍ ഫാത്തിമ (23) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രായിന്‍മരക്കാര്‍ വീട്ടില്‍ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ഫാത്തിമയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് സ്തലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഇരുവരും ബൈക്കില്‍ കറങ്ങാനിറങ്ങിയതായും ഇതിനിടെയുണ്ടായ വഴക്കിനു പിന്നാലെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കടല്‍ത്തീരത്ത് മണലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിലാണ് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ പോലിസില്‍ വിവരം അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നിര്‍മിച്ച പുനര്‍ഗേഹം ഭവനസമുച്ചയത്തിലെ ഫ്‌ലാറ്റിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ താമസിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. ദമ്പതികള്‍ക്ക് നാലുമാസം പ്രായമായ മകളുണ്ട്.

മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കകം പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിനു സമീപത്തുനിന്ന് മുഹമ്മദിനെ പൊലീസ് പിടികൂടി. ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു.