സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചേക്കും; ആറ് രൂപ വരെ കൂടാം

തിരുവനന്തപുരം. സംസ്ഥാനത്ത് വൈകാതെ മിൽമ പാൽ വില കൂടാൻ സാധ്യത. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. നേരത്തെ നൽകിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലീറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ആറു മാസം മുൻപ് ബോർഡ് തീരുമാനമെടുത്തിരുന്നുവെന്നും അത് ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ പട്ടം മിൽമ ആസ്ഥാനത്ത് പ്രതിഷേധിച്ചു. തീരുമാനം വൈകുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന പരാതിയുമായാണ് മിൽമ എറണാകുളം യൂണിയൻ ഭാരവാഹികളുടെ പ്രതിഷേധം. പാൽ വില വർധിപ്പിക്കാൻ ആറു മാസം മുൻപ് മിൽമ ഡയറക്ടർ ബോർഡ് യോഗം തീരുമാനമെടുത്തിരുന്നതായി എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി.എൻ.വൽസലൻ പിള്ള പറഞ്ഞു.
അതേസമയം, സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാകില്ലെന്ന കാര്യം എറണാകുളം യൂണിയനും അറിയാമെന്നും മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. പാൽവില കൂട്ടാൻ മിൽമ തീരുമാനിച്ചെങ്കിലും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സർക്കാർ അനുമതി നിഷേധിച്ചത്. മിൽമയുടെ ശുപാർശ വീണ്ടും പരിഗണിച്ചാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നാലുടൻ പാൽവില വർധിക്കും.
