'വനജ ഫയർ വർക്സി'ൽ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം, പൊലീസുകാരടക്കം 15 പേർക്ക് പരിക്ക്; ആദ്യ സ്ഫോടനത്തിൽ മരണം 23 ആയി
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിന് സമീപം പടക്ക നിർമ്മാണ ശാലയായ 'വനജ ഫയർ വർക്സി'ൽ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായുള്ള തിരച്ചിലിനിടയിലും സ്ഫോടനം. ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റവരുണ്ടോ എന്ന സംശയത്തിലെ തിരച്ചിലിനിടെയാണ് രണ്ടാം സ്ഫോടനമുണ്ടായത്. പൊലീസുകാരടക്കം 15 പേർക്ക് ഈ സ്ഫോടനത്തിൽ പരിക്കേറ്റു. പരിക്ക് പറ്റിയവരെ വിരുദനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആദ്യ സ്ഫോടനതിലെ മരണസംഖ്യ 23 ആയി. ആറു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വി മുത്തുലിംഗപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന 'വനജ ഫയർ വർക്സി'ൽ ആണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായയത്. ചെന്നൈയിൽ നിന്ന് ലൈസൻസ് നേടി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന മുറിയിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെ, രാസവസ്തുക്കളുടെ മിശ്രിതത്തിലുണ്ടായ ഉരസൽ കാരണം അപ്രതീക്ഷിതമായി സ്ഫോടനം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ഫാക്ടറിയുടെ നാല് മുറികൾ പൂർണ്ണമായും തകർന്നു.അന്വേഷണത്തിന് 4 സംഘം.ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റ 6 തൊഴിലാളികളെ രക്ഷപ്പെടുത്തി വിരുദുനഗർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ജെ സി ബി യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടക്കുന്നുണ്ട്. ദുരന്തത്തെ അനുശോചിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍റെ നിർദേശ പ്രകാരം റവന്യു - ധനകാര്യ മന്ത്രിമാർ സ്ഥലത്തെത്തി. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ നാല് സംഘങ്ങളെ എസ് പി നിയോഗിച്ചു