പ്രചാരണ ചൂടിനിടെ 'ഝാല്‍മുരി' ബ്രേക്ക്! ബംഗാളിന്റെ നാടന്‍ രുചി തേടി ഝാര്‍ഗ്രാമിലെ ചെറിയ കടയില്‍; പ്രധാനമന്ത്രിയെ കണ്ട് അമ്പരന്ന് കടക്കാരന്‍; പണം നല്‍കിയിട്ടും വാങ്ങാന്‍ മടിച്ചു; വൈറലായി ദൃശ്യങ്ങള്‍

പ്രചാരണ ചൂടിനിടെ 'ഝാല്‍മുരി' ബ്രേക്ക്! ബംഗാളിന്റെ നാടന്‍ രുചി തേടി ഝാര്‍ഗ്രാമിലെ ചെറിയ കടയില്‍; പ്രധാനമന്ത്രിയെ കണ്ട് അമ്പരന്ന് കടക്കാരന്‍; പണം നല്‍കിയിട്ടും വാങ്ങാന്‍ മടിച്ചു; വൈറലായി ദൃശ്യങ്ങള്‍



ഝാര്‍ഗ്രാം: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വേറിട്ടൊരു അനുഭവവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നടന്ന റാലികള്‍ക്കിടയിലെ തിരക്കിനിടയിലാണ് ഝാര്‍ഗ്രാമിലെ ഒരു സാധാരണ കടയില്‍ നിന്ന് ബംഗാളിന്റെ തനത് രുചിയായ 'ഝാല്‍മുരി' കഴിക്കാന്‍ പ്രധാനമന്ത്രി എത്തിയത്. പുരുലിയ, ഝാര്‍ഗ്രാം, മേദിനിപൂര്‍, വിഷ്ണുപൂര്‍ എന്നിവിടങ്ങളിലെ നാല് വമ്പന്‍ റാലികള്‍ക്കിടയിലായിരുന്നു ഈ ചെറിയ ഇടവേള. ഝാല്‍മുരി കഴിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച പ്രധാനമന്ത്രി, തിരക്കേറിയ ദിവസത്തിനിടയിലെ രുചികരമായ അനുഭവമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

കടക്കാരനോട് സ്വയം ഝാല്‍മുരി ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി. ലഘുഭക്ഷണം കഴിച്ച ശേഷം പണം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായെങ്കിലും കടക്കാരന്‍ ആദ്യം അത് വാങ്ങാന്‍ മടിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം പണം സ്വീകരിച്ചത്. മലരും ഉള്ളിയും മുളകും കടുക് എണ്ണയും ചേര്‍ത്തുണ്ടാക്കുന്ന ബംഗാളിലെ ഈ പ്രിയപ്പെട്ട വിഭവം തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയില്‍ പ്രധാനമന്ത്രിക്ക് ആശ്വാസമായി.

രുചി വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴും രാഷ്ട്രീയ പോരാട്ടത്തില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. പാര്‍ലമെന്റിലെ വനിതാ സംവരണ ബില്ലിനെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തുവെന്നും ഇത് ബംഗാളിലെ സഹോദരിമാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ബങ്കുരയിലെ റാലിയില്‍ ആരോപിച്ചു. ബംഗാളിലെ പെണ്‍മക്കള്‍ നിയമനിര്‍മ്മാണ സഭകളിലേക്ക് എത്തുന്നത് തൃണമൂല്‍ ഭയപ്പെടുന്നുവെന്നും, സ്ത്രീകളുടെ മുന്നേറ്റം തങ്ങളുടെ അഴിമതി ഭരണത്തിന് ഭീഷണിയാകുമെന്ന് അവര്‍ കരുതുന്നുണ്ടെന്നും മോദി കുറ്റപ്പെടുത്തി.

എന്നാല്‍ പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിരോധിച്ചത്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും ഏറ്റവും കൂടുതല്‍ വനിതാ പ്രതിനിധികളുള്ളത് തൃണമൂലിനാണെന്ന് മമത അവകാശപ്പെട്ടു. ലോക്‌സഭയില്‍ 37.9 ശതമാനവും രാജ്യസഭയില്‍ 46 ശതമാനവും വനിതകളെ തൃണമൂല്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടെന്ന് അവര്‍ എക്‌സിലൂടെ വ്യക്തമാക്കി. ബിജെപി വാഗ്ദാനങ്ങള്‍ മാത്രം നല്‍കുമ്പോള്‍ തങ്ങള്‍ സ്ത്രീകള്‍ക്ക് കൃത്യമായ പങ്കാളിത്തം നല്‍കി വരികയാണെന്നും മമത കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബംഗാളില്‍ വാക്‌പോര് മുറുകുകയാണ്.