പരവൂർ: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ പ്ലാൻ നിരക്കുകളിൽ വീണ്ടും വർധന വരുത്തി. വരിക്കാർ ഏറെ ആശ്രയിച്ചിരുന്ന ചില ജനപ്രിയ പ്ലാനുകളുടെ കാലാവധി (വാലിഡിറ്റി) കുറച്ചും നിരക്ക് ഉയർത്തിയുമാണ് കമ്പനികളുടെ നീക്കം.
റിലയൻസ് ജിയോ 195 രൂപയുടെ പ്ലാൻ കാലാവധി 90 ദിവസത്തിൽ നിന്ന് 30 ദിവസമായി കുത്തനെ കുറച്ചു. എയർടെൽ തങ്ങളുടെ 859 രൂപയുടെ പ്ലാൻ നിരക്ക് 899 രൂപയാക്കി ഉയർത്തി. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും 107, 197 രൂപയുടെ പാക്കുകളുടെ വാലിഡിറ്റി കുറച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്കിടയിലും ബിഎസ്എൻഎൽ വരിക്കാരെ ചേർക്കുന്നതിൽ മുന്നേറ്റം തുടരുന്നതിനിടെയാണ് പുതിയ മാറ്റം.
അതേ സമയം ഫീച്ചർ ഫോണുകളിൽ ഇനി ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാകുന്ന സൗകര്യങ്ങളും വരുന്നു.സ്മാർട്ട്ഫോണുകൾ ഇല്ലാത്തവർക്കും ഡിജിറ്റൽ ബാങ്കിംഗ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റിലയൻസ് ജിയോയും ബാങ്ക് ഓഫ് ബറോഡയും പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ജിയോഫോൺ പ്രൈമ 4ജി ഉപയോക്താക്കൾക്കായി ബോബ് വേൾഡ് ലൈറ്റ് എന്ന പ്രത്യേക ബാങ്കിംഗ് ആപ്പ് പുറത്തിറക്കി. ഫീച്ചർ ഫോണുകൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ബാങ്കിംഗ് ആപ്പാണിതെന്ന് കമ്പനികൾ അവകാശപ്പെടുന്നു.
ഗ്രാമപ്രദേശങ്ങളിലും അർധനഗരങ്ങളിലും ഡിജിറ്റൽ ബാങ്കിംഗ് വ്യാപിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. യുപിഐ വഴിയുള്ള പണമടയ്ക്കൽ (സ്കാൻ ആൻ്റ് പേ ), ഫണ്ട് ട്രാൻസ്ഫർ, ബിൽ പേയ്മെന്റ്, മൊബൈൽ റീചാർജ് തുടങ്ങിയ സേവനങ്ങൾ ലളിതമായ കീപാഡ് നാവിഗേഷനിലൂടെ ഇതിൽ ലഭ്യമാകും. പുതിയ ജിയോഫോണുകളിൽ ഈ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. നിലവിലുള്ള ഉപയോക്താക്കൾക്ക് ജിയോ സ്റ്റോർ വഴി ഇത് ഡൗൺലോഡ് ചെയ്യാം.

