അസാധ്യമെന്ന് കരുതിയ ഐക്യം, അപ്രതീക്ഷിത വിജയം! കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷത്തിന് ആത്മവിശ്വാസം പകര്‍ന്ന ഡിലിമിറ്റേഷൻ ബില്ലിലെ നീക്കം
12 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിപക്ഷത്തിന്റെ ശക്തിയും പ്രസക്തിയും ആത്മവിശ്വാസവും വര്‍ധിപ്പിച്ച വിജയമായിരുന്നു പാര്‍ലമെന്റിൽ വനിതാ സംവരണ ഭേദഗതി ബില്ല് വോട്ടിങ്ങിൽ പരാജയപ്പെടുത്തിയത്. പ്രതിപക്ഷനിരയിൽ മറ്റു പാര്‍ട്ടികൾക്ക് മുകളിൽ കോണ്‍ഗ്രസിന് നേതൃസ്ഥാനം കൽപ്പിച്ച് കിട്ടിയ ചര്‍ച്ചകൾക്ക് കൂടിയായിരുന്നു പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. വനിതാസംവരണ ഭേദഗതി ബില്ലിന്റെ മറവില്‍ ബിജെപി ഒളിപ്പിച്ചു നടത്താന്‍ ശ്രമിച്ചത് ഭരണഘടനാവിരുദ്ധ നടപടികളാണെന്ന കോൺഗ്രസ് വാദത്തിനൊപ്പം മറ്റ് പ്രതിപക്ഷ കക്ഷികളെ കൂടി ചേര്‍ത്ത് നിര്‍ത്താൻ കോൺഗ്രസിന് സാധിച്ചുവെന്നത് തന്നെയാണ് ലോകസഭയിൽ ബില്ല് പരാജയപ്പെടുന്നതിലേക്ക് എത്തിയത്. ബില്ല് പരാജയപ്പെട്ടത് ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന്റേയും പ്രതിപക്ഷ ഐക്യത്തിന്റേയും സുപ്രധാന വിജയമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിജെപിയുടെ രാഷ്ട്രീയ കരുനീക്കങ്ങളെ പാർലമെന്റിൽ തന്നെ നേരിട്ട് പരാജയപ്പെടുത്താൻ സാധിച്ചു എന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ കൃത്യമായ നേതൃ വിജയമായും വിലയിരുത്തപ്പെടുന്നു.വനിതാ സംവരണത്തിന്റെ മറവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിച്ച് ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള ബിജെപിയുടെ തന്ത്രമെന്ന് കോൺഗ്രസ് ആദ്യം മുതലേ വിമര്‍ശിച്ചു. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കുകയും, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ ഈ ദൗത്യത്തിന്റെ ചുക്കാൻ ഏൽപ്പിക്കുകയും ചെയ്തത് പ്രതിപക്ഷ നീക്കങ്ങൾക്ക് മൂർച്ച കൂട്ടിയെന്നതിൽ പ്രതിപക്ഷ കക്ഷികൾക്ക് തര്‍ക്കമില്ല. ബില്ല് പരാജയപ്പെട്ട ശേഷം പ്രതികരിച്ച പ്രതിപക്ഷ കക്ഷികളും കോൺഗ്രസിന്റെ നേതൃത്വം സാധൂകരിച്ചു.പലവഴിക്ക് ഛിന്നഭിന്നമായിരുന്ന പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയെ മുതലെടുത്ത് ഇതുവരെ രാഷ്ട്രീയ മേല്‍കൈ നേടിയിരുന്ന ബിജെപിക്ക് അപ്രതീക്ഷിതമായി കിട്ടിയ പ്രഹരം സാധ്യമാക്കിയതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഠിനാധ്വാനമുണ്ട്. ബിജെപിയുടെ ഓരോ നീക്കത്തെയും കരുതലോടെയാണ് കോണ്‍ഗ്രസ് കണ്ടതും നേരിട്ടതും. പക്ഷെ പലപ്പോഴും പടപൊരുതാനുള്ള അംഗബലത്തിന്റെ കുറവ് കോണ്‍ഗ്രസിന് എപ്പോഴും വിലങ്ങുതടിയായി. എഫ്‌സിആര്‍എ ബില്ല്,സെന്‍സസ്, മണ്ഡല പുനര്‍നിര്‍ണ്ണയം തുടങ്ങിയ വിഷയത്തിലെ ചേരിതിരിഞ്ഞ പോരാട്ടത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ബിജെപിയെ നേരിടാന്‍ ഇത്തവണ കോണ്‍ഗ്രസ് തീരുമാനിച്ചത്.വിവിധ പ്രാദേശിക പാർട്ടികൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് അവരെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിൽ വേണുഗോപാലിന്റെ നയതന്ത്ര ഇടപെടലുകൾ നിർണ്ണായകമായെന്നതാണെന്ന രാഷ്ട്രീയ നിരീക്ഷണങ്ങളും പുറത്തുവന്നു. പ്രത്യേകിച്ച്, തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും തൃണമൂൽ കോൺഗ്രസ് എംപിമാരുടെ സാന്നിധ്യം ഉറപ്പാക്കാൻ രാഹുൽ ഗാന്ധിയെ നേരിട്ട് ഇടപെടുവിച്ചത് കോൺഗ്രസിന്റെ രാഷ്ട്രീയ പക്വത കാണിച്ചെന്ന വിലയിരുത്തലിനും കാരണമായി.മണ്ഡല പുനർനിർണ്ണയം വഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാധാന്യം കുറയുമെന്ന കണക്കുകൾ പ്രധാന ആയുധമാക്കിയപ്പോൾ, എസ്.പി, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളെ അത് ബോധ്യപ്പെടുത്താൻ സാധിച്ചതും ബിജെപിക്ക് സഭയിൽ കാലിടറാൻ കാരണമായി. അംഗബല ശക്തിയിൽ പ്രതിപക്ഷത്തെ കേൾക്കാൻ തയ്യാറാകാതിരുന്ന കേന്ദ്ര സർക്കാരിന്, കോൺഗ്രസിന്റെ നിശ്ചയദാർഢ്യം വലിയൊരു താക്കീതായി മാറിയെന്നും ഇത് പ്രതിപക്ഷ പാര്‍ട്ടികൾക്കിടയിൽ കൂടുതൽ നേതൃ സ്വീകാര്യത ലഭിക്കുമെന്നും പാര്‍ട്ടി വിലിയിരുത്തുന്നു. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ അപകടത്തിലാകുമെന്ന ഘട്ടം വരുന്നു എന്നതായിരുന്നു കോൺഗ്രസ് ഉയര്‍ത്തിക്കാട്ടാൻ ശ്രമിച്ച സുപ്രധാന കാര്യം. അത് അംഗീകരിക്കുകയും അത്തരം ഘട്ടങ്ങളിൽ പ്രതിപക്ഷത്തിന് നേതൃത്വം നൽകാൻ കോൺഗ്രസാണ് ഇപ്പോഴും സാധിക്കുമെന്ന് തെളിയിച്ചതായിരുന്നു പാര്‍ലമെന്റിലെ കോൺഗ്രസ് പ്രകടനം, ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കും എന്നതിൽ സംശയമില്ല.