അമേരിക്കയ്ക്ക് കൊടുത്ത മുന്നറിയിപ്പ്? ബഹ്റൈനിലെ ആമസോൺ ഡാറ്റ സെൻ്റർ ആക്രമിച്ച് ഇറാൻ

അമേരിക്കയ്ക്ക് കൊടുത്ത മുന്നറിയിപ്പ്? ബഹ്റൈനിലെ ആമസോൺ ഡാറ്റ സെൻ്റർ ആക്രമിച്ച് ഇറാൻ


ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ബഹ്‌റൈനിലെ ആമസോൺ വെബ് സർവീസസ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ. അമേരിക്കയുടെയും ഇസ്രായേലിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ഇറാൻ പ്രസ്താവിച്ചു. ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കേന്ദ്രം യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കും സൈന്യത്തിനും വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം.</p><p>ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ചാണോ അതോ സൈബർ ആക്രമണമാണോ നടന്നതെന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ അനുകൂല കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. ആക്രമണത്തെക്കുറിച്ചുള്ള വാർത്തകളോട് ബഹ്‌റൈൻ ഭരണകൂടമോ ആമസോൺ അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ 34 ദിവസമായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷം ഇപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യം വെക്കുന്നതിലൂടെ യുഎസ് സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.</p><p>ലോകത്തെ പ്രധാന ക്ലൗഡ് സേവന ദാതാക്കളായ ആമസോണിന് നേരെയുള്ള ഇത്തരം നീക്കങ്ങൾ ആഗോള തലത്തിൽ ഇന്റർനെറ്റ്, ഡാറ്റാ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ ആക്രമണ വാർത്ത പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.